മക്ക – തീര്‍ഥാടക ലക്ഷങ്ങള്‍ക്കും വിശ്വാസികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ആള്‍ക്കൂട്ട നിയന്ത്രണവും നേരിട്ട് വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഹറമില്‍ ഒറ്റക്ക് ചുറ്റിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
ഇരുപത്തിയേഴാം രാവില്‍ തഹജ്ജുദ് (പാതിരാ) നമസ്‌കാര സമയത്താണ് സുരക്ഷാ സൈനികരുടെയും ഹജ്, ഉംറ മന്ത്രാലയത്തിലെയും മറ്റും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അകമ്പടിയും സുരക്ഷയുമില്ലാതെ ഏതൊരു സാധാരണക്കാരെയും പോലെ ഹജ്, ഉംറ മന്ത്രി ഹറമിലൂടെ ഒറ്റക്ക് ചുറ്റിക്കറങ്ങിയത്. തീര്‍ഥാടകരില്‍ ഒരാളാണ് ഹജ്, ഉംറ മന്ത്രിയെ തിരിച്ചറിഞ്ഞ് മന്ത്രിയുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ വിശുദ്ധ ഹറമില്‍ ഇശാ, തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളില്‍ 25 ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. ഇരുപത്തിയേഴാം രാവില്‍ ആള്‍ക്കൂട്ട നിയന്ത്രണ പദ്ധതി വിജയകരമായിരുന്നെന്ന് ഹറം പരിചരണ വകുപ്പ് അറിയിച്ചു.