ജിദ്ദ- ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ വിദേശ തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പുവെക്കുന്നത് ഹജ്ജ്, ഉംറ മന്ത്രാലയം പൂര്‍ത്തിയാക്കി. ജിദ്ദയില്‍ നടന്ന ആറാമത് ഹജ് കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന്റെ ഭാഗമായാണ് ഹജ്, ഉംറ മന്ത്രാലയം മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഹജ് മിഷനുകളുമായി കരാറുകള്‍ ഒപ്പുവെച്ചത്. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്. മന്ത്രാലയവും ഹജ് മിഷനുകളും തമ്മിലുള്ള ഏകോപന സംവിധാനങ്ങള്‍, ഹജ് സീസണിലെ അംഗീകൃത ആവശ്യകതകളും നടപടിക്രമങ്ങളും, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും അവരുടെ വരവും പോക്കും സംബന്ധിച്ച ക്രമീകരണങ്ങളുമായും ബന്ധപ്പെട്ട കക്ഷികളുടെ ഉത്തരവാദിത്തങ്ങളും കടമകളും കരാറുകള്‍ നിര്‍വചിക്കുന്നു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രക്ഷാകര്‍തൃത്വത്തില്‍ നാല് ദിവസത്തെ പ്രത്യേക സെഷനുകള്‍, പരിപാടികള്‍, പ്രോഗ്രാമുകള്‍ എന്നിവക്ക് ശേഷം ജിദ്ദ സൂപ്പര്‍ഡോമില്‍ ഹജ് കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന്റെ ആറാം പതിപ്പ് സമാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളില്‍ നിന്നുള്ള 520 ലധികം സ്ഥാപനങ്ങളും 150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഔദ്യോഗിക സംഘങ്ങളും ഹജ്ജ് സമ്മേളനത്തിലും പ്രദര്‍ശനത്തിലും പങ്കെടുത്തു.



