ജിദ്ദ: ചെങ്കടലിൽ വാണിജ്യ കപ്പലിനു നേരെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് ജീവനക്കാരുടെ മൃതദേഹങ്ങൾ ജിദ്ദയിലെത്തിച്ചു. യെമനിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ സൗദിയിലെത്തിച്ചത്. സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പാകിസ്ഥാൻ സ്വദേശികളും ഒരു ഇന്തോനേഷ്യക്കാരനുമാണ് കൊല്ലപ്പെട്ടത്.
മോഖ തുറമുഖത്ത് പ്രാഥമിക ചികിത്സയിലായിരുന്ന പരിക്കേറ്റ ആറ് ജീവനക്കാരെയും (അഞ്ച് പാകിസ്ഥാനികളും ഒരു ഇന്തോനേഷ്യക്കാരനും) മൃതദേഹങ്ങൾക്കൊപ്പം റോഡ് മാർഗം ഏദനിലെത്തിച്ച ശേഷമാണ് വിമാനത്തിൽ ജിദ്ദയിലേക്ക് കൊണ്ടുവന്നത്.
ഓഗസ്റ്റ് 11-ന് ബാബ് അൽമന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കവെ ‘തിഹാമ’ എന്ന യെമൻ വാണിജ്യ കപ്പലിന് നേരെയാണ് ഹൂത്തികൾ ആവർത്തിച്ച് മിസൈൽ ആക്രമണം നടത്തിയത്. 2023-നു ശേഷം പ്രദേശത്തുണ്ടാകുന്ന ഏറ്റവും മാരകമായ കപ്പൽ ആക്രമണങ്ങളിലൊന്നാണിത്. രക്ഷാപ്രവർത്തനത്തിനിടെ ഹൂത്തികൾ വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്ന് യെമൻ തീരസംരക്ഷണ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യെമനിൽ സർക്കാരും ഹൂത്തികളും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ തഇസ്, ഹുദൈദ, സഅ്ദ എന്നിവിടങ്ങളിൽ ഇരുവിഭാഗവും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.
ചൊവ്വാഴ്ച ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് യെമൻ സൈനികർ കൊല്ലപ്പെട്ടു. ഹുദൈദയിലെ അൽഖോഖയിൽ ജനവാസ മേഖലയ്ക്ക് നേരെയുണ്ടായ മിസൈൽ, മോർട്ടാർ ആക്രമണങ്ങളിൽ 13 വയസ്സുള്ള കുട്ടിയടക്കം നാല് സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന് തിരിച്ചടിയായി ഹൂത്തി കേന്ദ്രങ്ങളിലേക്ക് സർക്കാറും ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ മാസാദ്യം സൈനിക ക്യാമ്പുകൾക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 2022 ഏപ്രിലിൽ യു.എൻ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും കടുത്ത ഏറ്റുമുട്ടലാണിത്.







