സാൻ ഫ്രാൻസിസ്കോ: കൃത്രിമബുദ്ധി (എ.ഐ) രംഗത്തെ പ്രമുഖ മുൻനിര കമ്പനിയായ ആന്ത്രോപിക് (Anthropic) ഏകദേശം രണ്ട് ട്രില്യൺ ഡോളർ(167 ലക്ഷം കോടി ഇന്ത്യൻ രൂപ) മൂല്യനിർണയത്തോടെ (Valuation) പൊതു ഓഹരി വിപണിയിലേക്ക് എത്തുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിൽ ശക്തമാകുന്നു. ‘ക്ലോഡ് എ.ഐ’യുടെ (Claude AI) നിർമ്മാതാക്കളായ കമ്പനിയുടെ വാർഷിക വരുമാനത്തിലുണ്ടായ അതിവേഗ വളർച്ചയാണ് ഈ വമ്പൻ വിലയിരുത്തലിന് ആധാരം.
ഈ വർഷം ഒക്ടോബറോടെ കമ്പനിയുടെ ആദ്യ പൊതു ഓഹരി വിൽപ്പന (IPO) സാധ്യമായേക്കുമെന്ന വിലയിരുത്തലുകൾ സജീവമാണെങ്കിലും, രണ്ട് ട്രില്യൺ ഡോളർ എന്നത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ച തുകയല്ല. നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും ഭാവി വരുമാന പ്രതീക്ഷകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലാണിത്.
വരുമാനത്തിൽ അതിവേഗ കുതിപ്പ്
വർഷത്തിന്റെ തുടക്കത്തിൽ ഏകദേശം 9 ബില്യൺ ഡോളറായിരുന്ന ആന്ത്രോപിക്കിന്റെ വാർഷിക വരുമാന നിരക്ക് മേയ് മാസത്തോടെ 47 ബില്യൺ ഡോളർ കടന്നത് കമ്പനിയുടെ വളർച്ചയുടെ വേഗം വ്യക്തമാക്കുന്നു. വർഷാവസാനത്തോടെ ഇത് 100 ബില്യൺ മുതൽ 120 ബില്യൺ ഡോളർ വരെ എത്തിയേക്കാമെന്നാണ് നിക്ഷേപകരുടെ കണക്കുകൂട്ടൽ. രണ്ട് വർഷത്തിനുള്ളിൽ വരുമാനം 190 മുതൽ 200 ബില്യൺ ഡോളർ വരെയെന്ന നിരക്കിലേക്ക് ഉയരുമെന്ന പ്രവചനങ്ങളും ഉയർന്ന മൂല്യനിർണയത്തെ പിന്തുണയ്ക്കുന്നു.
വളർച്ചയുടെ പ്രധാന എൻജിൻ
സാധാരണ ഉപഭോക്താക്കൾക്കായുള്ള ചാറ്റ് ബോട്ട് വിപണിയെ മാത്രം ആശ്രയിക്കാതെ, വൻകിട സംരംഭങ്ങൾക്കായുള്ള സാങ്കേതിക സേവനങ്ങളിലാണ് ആന്ത്രോപിക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച്, സോഫ്റ്റ്‌വെയർ വികസനം, കോഡിംഗ്, വിവര വിശകലനം (Data Analysis), സ്വയംപ്രവർൽകരണ സംവിധാനങ്ങൾ (Automation) തുടങ്ങിയ മേഖലകളിൽ കമ്പനിയുടെ ‘ക്ലോഡ് കോഡ്’ ഉൾപ്പെടെയുള്ള എ.ഐ ഉൽപ്പന്നങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സോഫ്റ്റ്‌വെയർ വികസനം വേഗത്തിലാക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും വൻകിട കമ്പനികൾ കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുന്നതോടെ ഈ മേഖല വികസിക്കുകയാണ്. ഇതിന്റെ പ്രധാന ഗുണഭോക്താക്കളിലൊന്നായി ആന്ത്രോപിക് മാറുമെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ നിരയിലേക്ക്?
രണ്ട് ട്രില്യൺ ഡോളർ മൂല്യനിർണയം യാഥാർഥ്യമായാൽ, ആന്ത്രോപിക് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സാങ്കേതികവിദ്യ കമ്പനികളുടെ നിരയിലേക്ക് അതിവേഗം ഉയരും. ഒരു സ്വകാര്യ തുടക്കക്കമ്പനി (Startup) ഏതാനും വർഷങ്ങൾക്കുള്ളിൽ ട്രില്യൺ ഡോളർ മൂല്യമുള്ള പൊതു കമ്പനിയായി മാറുന്നത് സാങ്കേതികവിദ്യ മേഖലയുടെ ചരിത്രത്തിലെ വലിയ മാറ്റങ്ങളിലൊന്നായിരിക്കും. ആന്ത്രോപിക്കിന്റെ ഓഹരി വിപണി പ്രവേശം വിജയിച്ചാൽ, മറ്റ് എ.ഐ കമ്പനികളുടെ ഭാവി വിപണി പ്രവേശത്തിനും അത് ഒരു മാനദണ്ഡമായി മാറും.
വമ്പൻ നിക്ഷേപകരുടെ പിന്തുണ
ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ) തുടങ്ങിയ ലോകോത്തര സാങ്കേതികവിദ്യാ ഭീമന്മാർ ആന്ത്രോപിക്കിൽ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, അത്യാധുനിക ചിപ്പുകൾ എന്നിവയ്ക്കായി മേഖലയിൽ നടക്കുന്ന വൻ നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് കമ്പനിയുടെ വളർച്ച.
വളർച്ചയ്ക്കൊപ്പം വൻ ചെലവും വെല്ലുവിളികളും
മുന്നേറ്റത്തിനൊപ്പം വലിയ വെല്ലുവിളികളും കമ്പനി നേരിടുന്നുണ്ട്. അത്യാധുനിക എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ശേഷിയുള്ള ചിപ്പുകൾ, ഡാറ്റാ സെന്ററുകൾ, വലിയ തോതിലുള്ള വൈദ്യുതി എന്നിവയ്ക്കായി വൻതുക ചെലവഴിക്കേണ്ടതുണ്ട്. വരുമാനം ഉയരുമ്പോഴും പ്രവർത്തനച്ചെലവ് വൻതോതിൽ വർധിക്കുന്നത് ഭാവിയിലെ ലാഭക്ഷമതയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഓപ്പൺ എ.ഐ, ഗൂഗിൾ, മെറ്റ, എക്സ്.എ.ഐ (xAI) തുടങ്ങിയ ശക്തരായ എതിരാളികളിൽ നിന്നുള്ള മത്സരവും കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന എ.ഐ മോഡലുകളുടെ സാന്നിധ്യവും പ്രധാന വെല്ലുവിളികളാണ്. ഇതിന് പുറമെ സർക്കാർ നയങ്ങൾ, നിയമ നിയന്ത്രണങ്ങൾ, ചിപ്പുകളുടെ ലഭ്യതക്കുറവ്, ഊർജ്ജ ആവശ്യകത എന്നിവയും മേഖലയിലെ പ്രധാന വെല്ലുവിളികളാണ്.
എ.ഐ വിപണിയുടെ നിർണായക പരീക്ഷണം
ആന്ത്രോപിക്കിന്റെ ഓഹരി വിപണി പ്രവേശം സാങ്കേതികവിദ്യാ രംഗത്തെ ഒരു വലിയ പരീക്ഷണമായിരിക്കും. സ്വകാര്യ നിക്ഷേപകർ നൽകുന്ന ഉയർന്ന മൂല്യം പൊതുവിപണിയിലെ നിക്ഷേപകരും അംഗീകരിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ കഴിവ തെളിയിക്കപ്പെട്ട ഘട്ടം കഴിഞ്ഞു; ഇനി അതിലൂടെ സ്ഥിരമായ വരുമാനവും ലാഭവും ഉണ്ടാക്കാൻ സാധിക്കുമോ എന്നാണ് വിപണി പരിശോധിക്കുന്നത്.







