ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിദേശ വിനോദസഞ്ചാരികള്‍ ശരാശരി 5,000 റിയാല്‍ തോതില്‍ ചെലവഴിച്ചതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്തെ ടൂറിസം മേഖല ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ വിദേശ സഞ്ചാരികളുടെ ആകെ ധനവിനിയോഗം 120.373 ബില്യൺ റിയാലിലെത്തി, ഇത് 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനം വളർച്ചയാണ് കാണിക്കുന്നത്. അതേസമയം, ഇതേ കാലയളവിൽ സൗദി വിനോദസഞ്ചാരികൾ വിദേശ രാജ്യങ്ങളിൽ ഏകദേശം 85 ബില്യൺ റിയാൽ ചെലവഴിച്ചു (10 ശതമാനം വളർച്ച). 2025-ന്റെ മൂന്നാം പാദത്തിൽ മാത്രം വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 33.798 ബില്യൺ റിയാൽ ചെലവഴിച്ചപ്പോൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തിൽ സൗദി സഞ്ചാരികൾ വിദേശത്ത് 30.768 ബില്യൺ റിയാൽ ചെലവഴിച്ചതോടെ, ടൂറിസം മേഖലയിൽ 3.029 ബില്യൺ റിയാലിന്റെ മിച്ചം കണ്ടെത്താൻ സാധിച്ചു. മുൻവർഷം ഇത് 1.280 ബില്യൺ റിയാലായിരുന്നു.
രാജ്യത്തെ ടൂറിസം അനുഭവങ്ങളുടെ ഗുണനിലവാരം വർധിച്ചതും ഉൽപ്പന്നങ്ങളുടെ വൈവിധ്യവുമാണ് ഓരോ വിദേശ സഞ്ചാരിയും ശരാശരി 5,000 റിയാൽ ചെലവഴിക്കാൻ കാരണമായത്. ആഡംബര-ഇടത്തരം ഹോട്ടലുകളുടെ വിപുലീകരണം, വൈവിധ്യമാർന്ന വിനോദ പരിപാടികൾ, കോൺഫറൻസ് ടൂറിസം, സാംസ്‌കാരിക-പൈതൃക കേന്ദ്രങ്ങളോടുള്ള താൽപ്പര്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഈ വർധനവിന് കരുത്തേകി. ബാലൻസ് ഓഫ് പേയ്‌മെന്റിൽ വലിയ പോസിറ്റീവ് മാറ്റമുണ്ടാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് നേരിട്ടുള്ള വരുമാനം ഉറപ്പാക്കാനും ടൂറിസം മേഖലയ്ക്ക് കഴിയുന്നുണ്ട്. സന്ദർശകരുടെ എണ്ണം കൂട്ടുന്നതിനൊപ്പം അവരുടെ അനുഭവങ്ങളുടെ നിലവാരവും ധനവിനിയോഗവും വർധിപ്പിക്കുക വഴി ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ എത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.



