ജിദ്ദ: രാജ്യത്തെ പൊതുവിദ്യാഭ്യാസ ഭരണച്ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമായി തയ്യാറാക്കിയ പുതിയ പൊതുവിദ്യാഭ്യാസ നിയമത്തിന് തിരുഗേഹങ്ങളുടെ സേവകനായ സൽമാൻ രാജാവ് അംഗീകാരം നൽകി. പുതിയ നിയമം പൊതുവിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും വികസനത്തിന് വൻ പിന്തുണയാകുമെന്നും വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാൻ പറഞ്ഞു.
പ്രധാന വ്യവസ്ഥകളും സവിശേഷതകളും:
നിർബന്ധിത വിദ്യാഭ്യാസം: കുട്ടികൾക്ക് 6 മുതൽ 15 വയസ്സ് വരെ വിദ്യാഭ്യാസം നിർബന്ധമാക്കി. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുകയോ പഠനം ഉപേക്ഷിക്കാൻ കാരണക്കാരാവുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
പഠന ഭാഷയും സ്കൂൾ ക്രമീകരണവും:
അറബിയാണ് പ്രധാന പഠനഭാഷ. ഇതിനോടൊപ്പം മറ്റൊരു അധിക ഭാഷ പഠിപ്പിക്കാനും അനുമതിയുണ്ട്. നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി, ശൈശവ ഘട്ടത്തിനു ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകൾ ഉണ്ടായിരിക്കും.
പങ്കാളിത്തവും നിക്ഷേപവും:
ദേശീയ ഐഡന്റിറ്റിക്കും മൂല്യങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിൽ സ്വകാര്യ മേഖല, വിദേശ നിക്ഷേപകർ, നോൺ-പ്രോഫിറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ലൈസൻസ്, ട്യൂഷൻ ഫീസ് എന്നിവ നിയമവിധേയമായി നിയന്ത്രിക്കും. ചില സർക്കാർ സ്കൂളുകളുടെ പ്രവർത്തനം സ്വകാര്യ മേഖലയെ ഏൽപ്പിക്കാനും സാമ്പത്തിക പിന്തുണ നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
മനുഷ്യാവകാശ സംരക്ഷണവും സഹായങ്ങളും: വിദ്യാർഥികളുടെയും അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കും. സുരക്ഷിതമായ പഠനാന്തരീക്ഷത്തോടൊപ്പം, വികലാംഗരായ വിദ്യാർഥികൾക്ക് ആവശ്യമായ പ്രത്യേക വിദ്യാഭ്യാസ സഹായങ്ങളും നൽകും. ആദ്യകാല ബാല്യകാല പരിചരണത്തിനും വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
മിടുക്കരായ വിദ്യാർഥികൾക്ക് ക്ലാസ് കയറ്റം (ആർട്ടിക്കിൾ 23):
പ്രതിഭാധനരായ വിദ്യാർഥികൾക്ക് അവരുടെ ബൗദ്ധിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരൊറ്റ മൂല്യനിർണ്ണയത്തിലൂടെ ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് കയറ്റം (Class Jump) നൽകുന്ന സംവിധാനം നിലവിൽ വരും. ഇത് വിദ്യാർഥികളുടെ പഠനകാലയളവ് ചുരുക്കാൻ സഹായിക്കും.
നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി (ആർട്ടിക്കിൾ 58, 59):
രാജ്യത്തിന്റെ പൊതുക്രമത്തെയോ ദേശീയ ഐക്യത്തെയോ ബാധിക്കുന്ന രീതിയിൽ ഗുരുതരമായ നിയമലംഘനം നടത്തുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും സേവനം ഉടനടി അവസാനിപ്പിക്കും. തുടർന്ന് സർക്കാർ, സ്വകാര്യ മേഖലകളിൽ വിദ്യാഭ്യാസ സംബന്ധിയായ ജോലികൾ ചെയ്യുന്നതിൽ നിന്ന് ഇവരെ സ്ഥിരമായി വിലക്കുകയും ചെയ്യും.
നിയമനിർമ്മാണത്തിലൂടെയും ഭരണപരമായ വ്യക്തതയിലൂടെയും രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് വിദ്യാഭ്യാസ മന്ത്രാലയവും പൊതുവിദ്യാഭ്യാസ കൗൺസിലും ലക്ഷ്യമിടുന്നത്.




