ജിദ്ദ: ആറു വർഷത്തിനിടെ സൗദി അറേബ്യയിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 67 ശതമാനത്തിന്റെ കൂറ്റൻ വളർച്ച രേഖപ്പെടുത്തിയതായി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (OECD) പുതിയ റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019 മുതൽ 2025 വരെയുള്ള കാലയളവിലാണ് രാജ്യം ഈ ചരിത്രനേട്ടം കൈവരിച്ചത്.
പഠനത്തിൽ ഉൾപ്പെടുത്തിയ 53 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് സൗദി അറേബ്യയുടേത്. ആഗോള ടൂറിസം ഭൂപടത്തിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര കേന്ദ്രമായി സൗദി മാറിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
വളർച്ചയുടെ പ്രധാന കണക്കുകൾ:
- വിദേശ ടൂറിസ്റ്റുകളുടെ എണ്ണം: 2019-ൽ 1.75 കോടിയായിരുന്നത് 2025-ഓടെ 2.93 കോടിയായി ഉയർന്നു (1.17 കോടിയുടെ വർധനവ്).
- വിദേശ ടൂറിസ്റ്റുകളുടെ ചെലവഴിക്കൽ: 2025-ൽ മൊത്തം ധനവിനിയോഗം 176.6 ബില്യൺ സൗദി റിയാലിലെത്തി. 2024-നെ അപേക്ഷിച്ച് 5% വർധനവ്.
- ആഭ്യന്തര ടൂറിസം: 2025-ൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 8% വർധിച്ച് 9.33 കോടിയിലെത്തി. ഇവരുടെ ആകെ ചെലവഴിക്കൽ 10% വർധിച്ച് 127.1 ബില്യൺ സൗദി റിയാലായി.
തൊഴിലവസരങ്ങളും വരുമാനവും:
2026-ലെ പ്രാഥമിക കണക്കുകൾ പ്രകാരം സൗദിയുടെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ (GDP) ടൂറിസം മേഖലയുടെ നേരിട്ടുള്ള സംഭാവന 5.2 ശതമാനമായി വർധിച്ചു. മേഖലയിൽ നേരിട്ടുള്ള തൊഴിലവസരങ്ങൾ 10 ലക്ഷം പിന്നിട്ടപ്പോൾ, ഇതിൽ വനിതാ പങ്കാളിത്തം 47 ശതമാനമായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.
നിയന്ത്രണ ചട്ടക്കൂടുകൾ നവീകരിക്കൽ, മികച്ച ഭരണം, അടിസ്ഥാന സൗകര്യ വികസനം, നൂതനമായ വിനോദസഞ്ചാര പദ്ധതികൾ എന്നിവയിലൂടെ സുസ്ഥിരവും വഴക്കമുള്ളതുമായ ടൂറിസം മേഖല കെട്ടിപ്പടുക്കാൻ സൗദിക്കായെന്ന് ഒ.ഇ.സി.ഡിയുടെ ‘ടൂറിസം ട്രെൻഡ്‌സ് ആൻഡ് പോളിസീസ് 2026’ റിപ്പോർട്ട് വിലയിരുത്തുന്നു.




