ജിദ്ദ – ആയിരത്തിലേറെ വര്‍ഷം മുമ്പുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശി മക്ക പ്രവിശ്യയിലെ ലൈത്തിലെ അല്‍സറൈനില്‍ മൂന്നാം സീസണില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ മണ്‍പാത്രങ്ങള്‍, കല്‍പ്പാത്രങ്ങള്‍, അലങ്കാര ഉപകരണങ്ങള്‍, ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലെ സ്വര്‍ണ ദീനാര്‍ എന്നിവ അടക്കം വൈവിധ്യമാര്‍ന്ന പുരാവസ്തുക്കള്‍ കണ്ടെത്തി. ചൈനീസ് പോര്‍സലൈന്‍, വിവിധ അലങ്കാര പാറ്റേണുകളിലെ കൊത്തുപണികളാല്‍ സവിശേഷമായ ശവകുടീരങ്ങള്‍ എന്നിവയുടെ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലെ നാഷണല്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് അതോറിറ്റിയുമായി സഹകരിച്ചാണ് അല്‍സറൈനില്‍ സൗദി ഹെറിറ്റേജ് കമ്മീഷന്‍ പുരാവസ്തു ഉദ്ഖനന പദ്ധതി നടപ്പാക്കുന്നത്. പഴയ കാലത്തെ കെട്ടിടങ്ങളുടെ പാറ്റേണുകൾ, നഗരത്തിന്റെ ലേഔട്ട്, നഗര ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മറ്റ് നഗരങ്ങളുമായുള്ള ബന്ധം എന്നിവ വിശകലനം ചെയ്യുന്നതിലൂടെയും സാമൂഹികവും ചരിത്രപരവുമായ ജീവിതം മനസ്സിലാക്കുന്നതിലൂടെയും പുരാവസ്തു കേന്ദ്രത്തെ കുറിച്ച വിശദമായ വിവരങ്ങള്‍ ലഭ്യമാകും. നഗരമതിലിന്റെ വലിയ ഭാഗങ്ങളും അതിലെ നിരവധി ഗോപുരങ്ങളും കവാടങ്ങളും കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവണതകള്‍ രേഖപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

മാരിടൈം സില്‍ക്ക് റൂട്ടിലെ പ്രധാന ഇടത്താവളം എന്ന നിലയില്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന, മതില്‍ അടിത്തറകളുടെ നിര്‍മാണ രീതിയും ശവകുടീരങ്ങളും ഉള്‍പ്പെടെ നിരവധി വാസ്തുവിദ്യാ സവിശേഷതകള്‍ പുരാവസ്തു സര്‍വേയിലൂടെ തിരിച്ചറിഞ്ഞു. ചെങ്കടല്‍ തീരത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ചേറ്റവും വലിയ പുരാവസ്തു സ്ഥലങ്ങളില്‍ ഒന്നാണിത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പുരാവസ്തു, ഗവേഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെയും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായുള്ള സഹകരണം വികസിപ്പിക്കുന്നതിലൂടെയും പുരാവസ്തുക്കള്‍ കണ്ടെത്താനും സംരക്ഷിക്കാനും അവയുടെ പദവി ഉയര്‍ത്താനും തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നതായി സൗദി ഹെറിറ്റേജ് കമ്മീഷന്‍ പറഞ്ഞു. സംസ്‌കാരവും ദേശീയ സ്വത്വവും പ്രോത്സാഹിപ്പിക്കാനും ഭാവി തലമുറകള്‍ക്കായി സാംസ്‌കാരിക പൈതൃക സുസ്ഥിരത ഉറപ്പാക്കാനുമുള്ള വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ചാണിത്.

2025 സൗദി-ചൈനീസ് സാംസ്‌കാരിക വര്‍ഷത്തോടനുബന്ധിച്ചാണ് അല്‍സറൈനില്‍ ചൈനീസ് സഹകരണത്തോടെ പുരാവസ്തു ഉദ്ഖനനം നടത്തുന്നത്. സാംസ്‌കാരിക, നാഗരിക വിനിമയം വര്‍ധിപ്പിക്കാനും സില്‍ക്ക് റൂട്ട് വഴി രണ്ട് നാഗരികതകളെയും ഒരുമിച്ച് കൊണ്ടുവന്ന ചരിത്രപരമായ ബന്ധങ്ങള്‍ എടുത്തുകാണിക്കാനുമുള്ള ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത സാംസ്‌കാരിക പരിപാടികളും സംരംഭങ്ങളും സൗദി-ചൈനീസ് സാംസ്‌കാരിക വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ശാസ്ത്രീയവും ചരിത്രപരവുമായ ഗവേഷണ ശ്രമങ്ങളെ പിന്തുണക്കാനും കിഴക്കന്‍ ജനതയെ ഒന്നിപ്പിക്കുന്ന മനുഷ്യ പൈതൃകം രേഖപ്പെടുത്താനുമുള്ള സൗദി അറേബ്യയുടെയും ചൈനയുടെയും പ്രതിബദ്ധതയെ ഈ സംയുക്ത പുരാവസ്തു സഹകരണം പ്രതിഫലിപ്പിക്കുന്നു.