റിയാദ്- കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസോ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിക്കുകയായിരുന്നു.
ഇന്നലെ റിയാദ് കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്ററിലെ ടവറിനു നേരെയുണ്ടായ ഭീകരാക്രമണം ഡ്രോണ്‍ ഉപയോഗിച്ചാണ് നടത്തിയത്. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും മനഃപൂര്‍വ്വം ലക്ഷ്യം വെച്ചുള്ള ഭീകരരായ ഹൂത്തി മിലീഷ്യയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
അതേസമയം, സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി സാധാരണക്കാര്‍ പശ്ചിമ യെമനിലെ ഹുദൈദ തുറമുഖം ഒഴിഞ്ഞുപോകണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം സൗദി അറേബ്യക്കും നിയമാനുസൃത യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താനും ഹൂത്തികള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയും ഹുദൈദ തുറമുഖത്തു നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സഖ്യസേന സാധാരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തുറമുഖത്ത് സഖ്യസേന ശക്തമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു.



