റിയാദ്- അൽ സാദ് എഫ്. സി നടത്തിയ സൂപ്പർ കപ്പ് ഏകദിന ഫൈവ്സ് ഫുട്ബോൾ ഫൈനലിൽ ഇമാറ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി അൽ അസ്റാഖ് എഫ്.സി ചാമ്പ്യൻമാരായി.
ദിറാബ് റോഡിലെ ഫൈവ് സ്റ്റാർ ഇസ്തിറാഹ് ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റിൽ ആറ് ടീമുകളാണ് മാറ്റുരച്ചത്. ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണ്ണമെന്റിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും കലാശപോരാട്ടത്തിനെത്തിയത്. അൽ ഫർസാൻ ഹോൾഡിങ്സ് സ്പോൺസർ ചെയ്ത ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം അൽ സാദ് എഫ്.സി പ്രസിഡന്റ് സയ്യിദ് ജാഫർ തങ്ങൾ നിർവഹിച്ചു.
ടൂർണമെന്റിലെ മികച്ച താരമായും ടോപ് സ്കോററായും ആഷിഖിനെ തിരഞ്ഞെടുത്തു. ഫവാസ് മികച്ച ഗോൾകീപ്പറായും, അർഷാദ് മികച്ച ഫോർവേഡായും, അദ്നാൻ മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സയ്യിദ് ജാഫർ തങ്ങൾ, ഷംസുദ്ദീൻ, ഷാഹിൻ, അബ്ദുൽ നാസർ, സീതിക്കോയ, റിഷ്വാൻ എന്നിവർ നേതൃത്വം നൽകി.



