റിയാദ്- പോർച്ചുഗലിലെ പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ 23 മുതൽ മുഖം പൂർണ്ണമായി മറയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരികയാണെന്നും പോർച്ചുഗൽ സന്ദർശിക്കുന്ന പൗരന്മാർ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും പോർച്ചുഗലിലെ സൗദി എംബസി മുന്നറിയിപ്പ് നൽകി. ശ്രദ്ധക്കുറവ് മൂലമാണ് നിയമലംഘനം നടത്തുന്നതെങ്കിൽ 150 മുതൽ 750 യൂറോ വരെയും, ബോധപൂർവ്വമാണെങ്കിൽ 400 മുതൽ 3,000 യൂറോ വരെയും പിഴ ഈടാക്കുമെന്ന് എംബസി അറിയിച്ചു.
കൂടാതെ, ഭീഷണിപ്പെടുത്തിയോ അക്രമത്തിലൂടെയോ ഒരാളെക്കൊണ്ട് നിർബന്ധപൂർവ്വം മുഖം മറപ്പിച്ചാൽ, നിയമത്തിലെ ആറാം വകുപ്പ് പ്രകാരം രണ്ട് വർഷം വരെ തടവോ പിഴയോ 240 ദിവസം വരെ കമ്മ്യൂണിറ്റി സർവീസോ ശിക്ഷയായി ലഭിക്കാം. ഇരയാക്കപ്പെടുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ ശിക്ഷയുടെ അളവ് മൂന്നിലൊന്നായി വർദ്ധിക്കുമെന്നും എംബസി വ്യക്തമാക്കി.







