ദമാം- ജോലിയുടെ ഭാഗമായി റിയാദിൽ നിന്നും ദമ്മാമിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ പരിക്ക് പറ്റി ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരൂർ പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) നിര്യാതനായി. കാലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ സമദിനെ സർജറിക്ക് വിധേയനാക്കിയിരുന്നു. സർജറിക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണം. ദമാമിൽ നിന്നും 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്. സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനിൽ ഇടിക്കുകയും വാഹനം മറിയുകയായിരുന്നു.
പുഴക്കര സൈനുദ്ധീൻ- കുഞ്ഞിമാച്ചൂട്ടി ദമ്പതികളുടെ മകനായ അബ്ദുൽ സമദ് രണ്ട് വർഷമായി സൗദിയിൽ പ്രവാസിയാണ്. നേരെത്തെ ദുബായിലും ഒമാനിലും പ്രവാസിയായിരുന്നു.ജസീറയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്. ഡെൽറ്റ ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കും. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി മാനേജ്‌മെന്റിനോടൊപ്പം കെ.എം.സി.സി. അൽ കോബാർ ഏരിയ കമ്മറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.