ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ് സീസൺ സമാപിച്ചതോടെ, തനിമയുടെ കീഴിലുള്ള ഹജ് വളണ്ടിയർ സേവനം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതായി ജനറൽ കൺവീനർ തമീം മമ്പാടും ക്യാപ്റ്റൻ അബ്ശീറും അറിയിച്ചു. ഔദ്യോഗിക പെർമിറ്റോടെ മക്ക, മദീന, അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ നൂറുകണക്കിന് വളണ്ടിയർമാരാണ് ഹാജിമാർക്ക് തുണയായി രംഗത്തുണ്ടായിരുന്നത്.
ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന മക്കയിലെ അസീസിയ, നസീം തുടങ്ങിയ പ്രദേശങ്ങളിലും മദീനയിലുമാണ് നിലവിൽ സേവനം തുടരുന്നത്. ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നതുവരെ താമസകേന്ദ്രങ്ങളിലെ ഭക്ഷണ വിതരണം തുടരും. രാത്രി നൽകുന്ന ഭക്ഷണ പാക്കറ്റുകൾക്ക് പുറമെ, ഓരോ ബിൽഡിംഗിലും വിതരണം ചെയ്യുന്ന ചൂടുകഞ്ഞിയും അച്ചാറും ഹാജിമാർക്ക് വലിയ ആശ്വാസമാണ്. ജിദ്ദയിൽ നിന്നടക്കമുള്ള വളണ്ടിയർമാരാണ് അസീസിയ കേന്ദ്രീകരിച്ച് വിതരണം ഏകോപിപ്പിക്കുന്നത്. മക്കയിലെ പ്രവർത്തനങ്ങൾക്ക് മജീദ് എ.പി, സഫീർ അലി എന്നിവർ നേതൃത്വം നൽകുന്നു.


വഴിതെറ്റിയ ഹാജിമാരെ താമസസ്ഥലങ്ങളിൽ എത്തിക്കുക, ക്രൗഡ് മാനേജ്മെന്റ്, ബസ് ട്രാൻസ്പോർട്ട് സഹായം, അടിയന്തര വൈദ്യസഹായം, ഭാഷാ സഹായം എന്നിവയിലായിരുന്നു വളണ്ടിയർമാരുടെ പ്രധാന ശ്രദ്ധ. ഇന്ത്യൻ ഹജ് മിഷനോടൊപ്പം വെള്ളിയാഴ്ച സേവനം അനുഷ്ഠിച്ച തനിമ വളണ്ടിയർമാരെ ഹജ് കോൺസൽ സദഫ് ചൗധരി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
ഹാജിമാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ രാപ്പകലില്ലാതെ പ്രയത്നിച്ച എല്ലാ വളണ്ടിയർമാരെയും തനിമ കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ അഭിനന്ദിച്ചു. ഹജ് സുഗമമാക്കാൻ സഹായിച്ച



