ജിദ്ദ. പ്രവാസി ക്ഷേമ പ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (SAWA) വിപുലമായ സാമൂഹിക സേവന പദ്ധതികളുമായി സിൽവർ ജൂബിലി ആഘോഷിക്കുന്നു. പ്രവാസി ക്ഷേമം, സാമൂഹിക സുരക്ഷ, നാടിന്റെ വികസനം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സവ, ജിദ്ദയിലും സമീപ ദേശങ്ങളിലുമുള്ള ആലപ്പുഴ സ്വദേശികളുടെ പ്രവാസി സൗഹൃദ-സേവന കൂട്ടായ്മയാണ്.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവാഹ ധനസഹായം, സ്വയംതൊഴിൽ സഹായമായി ഓട്ടോറിക്ഷ, മറ്റു തൊഴിലുപകരണങ്ങൾ എന്നിവയുടെ വിതരണം നവംബർ 30ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും പണ്ഡിതനുമായ അൻസാരി സുഹ്രി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച നോർക്ക കെയറിൻ്റെ വർദ്ധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കണമെന്നും അറുപതു കഴിഞ്ഞ പ്രവാസികൾ ഏതാനും മാസം മാത്രം കുടിശ്ശയുള്ളവർക്ക് അത് അടച്ചു തീർക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുംമെന്ന് സവ ഭാരവാഹികൾ പറഞ്ഞു.
സവ അംഗത്വ കാമ്പയിൻ ഡോ. ഇർഫാൻ നിവാസ് ഉദ്ഘാടനം ചെയ്തു. സവയിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ജിദ്ദയിലെയും സമീപ പ്രദേശങ്ങളിലെയും ആലപ്പുഴ സ്വദേശികളായ പ്രവാസികളെ സംഘടനയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സവ പ്രസിഡണ്ട് മുസ്തഫ അബ്ദുൽ സലാം, മുഖ്യ രക്ഷാധികാരി നസീർ വാവാക്കുഞ്ഞ്, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, ട്രഷറർ സിദ്ധീഖ് മണ്ണഞ്ചേരി, സെക്രട്ടറി ഇർഷാദ് ആറാട്ടുപുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൊഅയ്ബ് സലാം, സൽമാൻ അഷ്റഫ് എന്നിവർ പങ്കെടുത്തു.



