ജിദ്ദ- പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി തണൽ ജിദ്ദ വനിതാ വിഭാഗവും തണൽ ജിദ്ദ ചാപ്റ്ററും സംയുക്തമായി കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്ത് നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷി കുട്ടികളെ പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരാനും അവരുടെയും മാതാപിതാക്കളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ ഒരുക്കിയത്.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന വിവിധ വിനോദ പരിപാടികൾ, ഗെയിമുകൾ, കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി. മാതാപിതാക്കൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും പരസ്പരം താങ്ങാവാനും വേദി അവസരമൊരുക്കി. പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച തണൽ ജിദ്ദ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കുട്ടികളുടെ മുഖത്തെ പുഞ്ചിരിയും മാതാപിതാക്കളുടെ സംതൃപ്തിയും സംഘാടകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇത്തരം കൂടിക്കാഴ്ചകൾ തുടരാനാണ് സംഘാടകരുടെ തീരുമാനം.
ജിദ്ദയിൽ ഭിന്നശേഷി കുട്ടികൾക്കായി ഒരു സ്പെഷ്യൽ സ്കൂളും, 3 മുതൽ 6 വയസ്സുവരെയുള്ള ഭിന്നശേഷി കുട്ടികൾക്കായി ‘ഏർലി ഇന്റർവെൻഷൻ സെന്ററും’ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തണൽ പ്രവർത്തകർ. പ്രശസ്ത വിദ്യാഭ്യാസ പരിശീലകൻ ഇർഷാദ്, തണൽ പ്രതിനിധികളായ അനീസ ബൈജു, നിഹാല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ജുമാന, ഷെറിൻ എന്നീ മാതാക്കൾ പങ്കുവെച്ച അനുഭവങ്ങൾ മറ്റു രക്ഷിതാക്കൾക്ക് വലിയ പ്രചോദനമായി.
ഹാനി യൂനുസിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഈ കൂട്ടായ്മയുമായി സഹകരിക്കാൻ താല്പര്യമുള്ള രക്ഷിതാക്കൾക്ക് തണൽ ജിദ്ദ ലേഡീസ് വിങ് പ്രതിനിധികളായ അനീസ ബൈജു (0563838163), നിഹാല (0597929657) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.



