റിയാദ്: മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി സൗദിയിലെത്തിയ പാലക്കാട് എം.പിയും കോൺഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്വല സ്വീകരണം നൽകി.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് എം.പിയെ സ്വീകരിച്ചത്. സ്നേഹോഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ഭാരവാഹികളുമായും വിവിധ മേഖലകളിലെ പ്രവാസി സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഒ.ഐ.സി.സി സംഘടിപ്പിക്കുന്ന ‘പീപ്പിൾസ് പാർലമെന്റ്’ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
സ്വീകരണച്ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, മൃദുല വിനീഷ്, മൊയ്തീൻ മണ്ണാർക്കാട്, സൈനുദ്ധീൻ പാലക്കാട്, റഫീഖ് പട്ടാമ്പി, വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു.
എം.പിയുടെ സന്ദർശനം റിയാദിലെ ഒ.ഐ.സി.സി സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു







