ദരിയ(അൽ ഖസീം)- ഇക്കഴിഞ്ഞ മെയ് 21-ന് അൽ ഖസിം പ്രവിശ്യയിലെ ദരിയയിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് നെന്മാറ, നെല്ലിക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫിൻ്റെ ( 30) മൃതദേഹം നാട്ടിലെത്തിച്ച് മറവു ചെയ്തു. ഷനൂബ് മുഹമ്മദ് ഷെരീഫ് സഞ്ചരിച്ചിരുന്ന ടൊയോട്ട ഹെലക്സ് വാഹനം അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി അബ്ദുൽ മത്തീനും (32) അപകടത്തിൽ മരിച്ചിരുന്നു. മത്തീന്റെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി. മെയ് 29 ന് വ്യാഴാഴ്ച്ച രാവിലെയുള്ള ഫ്ലൈനാസ് വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച ഷനൂബിൻ്റെ ഭൗതിക ശരീരം കെഎംസിസി ഭാരവാഹികളും കുടുംബവും ചേർന്ന് ഏറ്റുവാങ്ങി.
ഒരു മാസം മുമ്പ് വിവാഹിതനായ ഷനൂബ് രണ്ടാഴ്ച്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. നാല് വർഷം മുമ്പാണ് ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പിതാവ് മുഹമ്മദ് ഷരീഫ് ഉനൈസ സനയയിൽ ജോലി ചെയ്തു വരികയാണ്. മാതാവ് ഫാത്തിമ , ഭാര്യ അൻഷിത.
നിയമനടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും, ദരിയയിലെ സാമൂഹ്യ പ്രവർത്തകരും, കമ്പനിയില സഹ പ്രവർത്തകരും നേതൃത്വം നൽകി.



