ജിദ്ദ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച് ജിദ്ദ ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാണ് ഉപരിപഠന യോഗ്യത നേടിയത്.
സ്കൂളിലെ സൽമാൻ ദീപാർ 99 ശതമാനം മാർക്ക് നേടി മികച്ച വിജയിയായി. ഐ.ടി വിഷയത്തിൽ നൂറിൽ നൂറ് മാർക്ക് നേടി നിരവധി വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കൂടാതെ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിരവധി പേർ 99 ശതമാനം മാർക്ക് കരസ്ഥമാക്കി.


വിജയികളിൽ 15 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിലും, 10 പേർ 80 ശതമാനത്തിന് മുകളിലും, 12 പേർ 70 ശതമാനത്തിന് മുകളിലും മാർക്ക് നേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒരേപോലെ ഉന്നത വിജയം സ്വന്തമാക്കി എന്നത് സ്കൂളിന്റെ അക്കാദമിക് മികവിന്റെ അടയാളമായി.


മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.



