ജിദ്ദ – കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യ മൂന്നു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. എണ്ണ, എണ്ണ ഇതര മേഖലകള്‍ 2.9 ശതമാനം തോതില്‍ വളര്‍ച്ച രേഖപ്പെടുത്തി. സര്‍ക്കാര്‍ മേഖല 1.5 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ 1.2 ശതമാനം സാമ്പത്തിക ശോഷണം നേരിട്ടു. എണ്ണ മേഖല 6.8 ശതമാനം തോതില്‍ ഇടിഞ്ഞു. സര്‍ക്കാര്‍ മേഖല 1.4 ശതമാനവും എണ്ണ ഇതര മേഖല 0.3 ശതമാനവും വളര്‍ച്ച നേടി. 2026 ആദ്യ പാദത്തില്‍ യഥാര്‍ഥ ജി.ഡി.പി വളര്‍ച്ചക്ക് എണ്ണ ഇതര മേഖലയാണ് പ്രധാന സംഭാവന നല്‍കിയത്. പെട്രോളിതര മേഖല 1.7 ശതമാനം സംഭാവന ചെയ്തു. എണ്ണ മേഖല 0.8 ശതമാനവും സര്‍ക്കാര്‍ മേഖല 0.3 ശതമാനവും നികുതി മേഖല 0.2 ശതമാനവും സംഭാവന നല്‍കി.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ എല്ലാ സാമ്പത്തിക മേഖലകളും പോസിറ്റീവ് വളര്‍ച്ചാ നിരക്കുകള്‍ കൈവരിച്ചു. സാമ്പത്തിക, ഇന്‍ഷുറന്‍സ്, ബിസിനസ് സേവനങ്ങള്‍ എന്നിവ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ മേഖല 5.4 ശതമാനം വളര്‍ച്ച കൈവിച്ചു. എണ്ണ ശുദ്ധീകരണം ഒഴികെയുള്ള വ്യവസായ മേഖല 4 ശതമാനവവും ക്രൂഡ് ഓയില്‍, പ്രകൃതി വാതക മേഖല 3.6 ശതമാനവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ ക്രൂഡ് ഓയില്‍, പ്രകൃതി വാതക മേഖല 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ കയറ്റുമതിയില്‍ 1.4 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ 2025 നാലാം പാദത്തെ അപേക്ഷിച്ച് 2026 ആദ്യ പാദത്തില്‍ കയറ്റുമതി 3.7 ശതമാനം തോതില്‍ കുറഞ്ഞു. അതേസമയം ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 5.5 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 9.7 ശതമാനവും കുറഞ്ഞതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.



