ജിദ്ദ: വർത്തമാനകാല ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പാർട്ടി ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യവും ആശയങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ യുവതലമുറ സന്നദ്ധരാകണമെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ആഹ്വാനം ചെയ്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷവും വിചാര സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1948 മാർച്ച് 10-ന് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എഴുപതിറ്റാണ്ടിലേറെയായി രാജ്യത്തെ ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജനാധിപത്യ മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ വേളയിലും പാർലമെന്റിലും നിയമസഭകളിലും മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകൾ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമാണ്. മതനിരപേക്ഷതയും മതസൗഹാർദ്ദവും മുറുകെപ്പിടിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കായി പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തീവ്രത കുറവാണെന്ന് ആരോപിച്ച് പല കാലഘട്ടങ്ങളിൽ മുസ്ലിം ലീഗിന് പകരക്കാരാകാൻ വർഗീയതയുമായി ചില സംഘടനകൾ രംഗത്തുവന്നെങ്കിലും അവയെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയതായും, മുസ്ലിം ലീഗ് ഇന്നും ജനാധിപത്യ ശക്തികൾക്കൊപ്പം ഉറച്ചുനിന്ന് പിന്നാക്ക ജനതയുടെ കാവലായി തുടരുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രവാസലോകത്ത് കെ.എം.സി.സി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ലീഗിന്റെ രാഷ്ട്രീയ ആശയങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നും ചർച്ചയിൽ ഉയർന്നു വന്നു.
വി.പി മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ സ്ഥാപകദിന പ്രഭാഷണം നടത്തി. ജലാൽ തേഞ്ഞിപ്പലം, ഹുസൈൻ കരിങ്കറ, മജീദ് പുകയൂർ, കെ.കെ മുഹമ്മദ്, വഹാബ് വടകര, താഹിർ പട്ടാമ്പി, ഫിർദൗസ് വാഫി, സീതി കൊളക്കാടൻ, സമദ് മൂർക്കനാട്, ലത്തീഫ് അരീക്കൻ എന്നിവർ സംസാരിച്ചു. നാസർ മച്ചിങ്ങൽ സ്വാഗതവും സൈതലവി ഏറനാട് നന്ദിയും പറഞ്ഞു. വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വിചാര സദസ്സിൽ പങ്കാളികളായി.



