റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതശ്രേഷ്ഠൻ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിലൂടെ പ്രകാശപൂർണ്ണമായ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അമരക്കാരിലൊരാളായി നിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മുന്നോട്ടുനയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ജാമിഅ നൂരിയ്യ ഉൾപ്പെടെയുള്ള ഉന്നത കലാലയങ്ങളിലൂടെയും സംഘടനാ വേദികളിലൂടെയും പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെയും പണ്ഡിതന്മാരെയുമാണ് അദ്ദേഹം വാർത്തെടുത്തത്.
ആഴത്തിലുള്ള വിജ്ഞാനവും ലാളിത്യമാർന്ന പെരുമാറ്റവും സമുദായ കാര്യങ്ങളിലെ ദീർഘവീക്ഷണവും അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കി മാറ്റി. അന്താരാഷ്ട്ര തലത്തിൽ വരെ ഇസ്ലാമിക പാണ്ഡിത്യത്തിന്റെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും പ്രബലമായ മുഖമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രവാസി സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ എപ്പോഴും വലിയ താല്പര്യവും ശ്രദ്ധയുമാണ് അദ്ദേഹം പുലർത്തിയിരുന്നത്.


അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും പ്രസ്ഥാന ബന്ധുക്കളുടെയും അസംഖ്യം ശിഷ്യഗണങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, സത്താർ താമരത്ത്, അഷ്റഫ് വെള്ളേപ്പാടം, യു.പി. മുസ്തഫ എന്നിവർ അറിയിച്ചു.




