റിയാദ്- പ്രവിശ്യയിലെ ഹുറൈമിലയിലുള്ള അല്‍ശലാല്‍ പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് ബാലന്‍ മരിച്ച സംഭവത്തില്‍ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനും വീഴ്ച വരുത്തിയവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
കുടുംബത്തോടൊപ്പം പാർക്കിലെത്തിയ ഹാകിം ബിന്‍ അലി അബൂസുകൈത എന്ന ബാലനാണ് കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ടത്. കളിക്കുന്നതിനിടെയാണ് ഹാകിമിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മുസാഹ്‌മിയിലെ അല്‍ഹുവൈദി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഹഫാര്‍ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
മകന്റെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തിലുണ്ടാക്കിയ മാനസികവും ശാരീരികവുമായ ആഘാതം വളരെ വലുതാണെന്ന് ബാലന്റെ പിതാവ് അലി അബൂസുകൈത പറഞ്ഞു. ദൈവത്തിന്റെ വിധിക്ക് സ്തുതി. നഷ്ടം വളരെ വലുതാണ്. സംഭവത്തിന് ശേഷം അവന്റെ അമ്മയും സഹോദരിമാരും തകര്‍ന്നുപോയി. ഞങ്ങളുടെ മകനെ നഷ്ടപ്പെടുന്നത് അവിശ്വസനീയമാംവിധം വേദനാജനകമാണ്. സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് ഉടനടി സുതാര്യമായ അന്വേഷണം ആരംഭിക്കണം. തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ അശ്രദ്ധയോ വീഴ്ചയോ വരുത്തിയതായി കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. പൊതു പാര്‍ക്കുകളിലെ അപകടസാധ്യതകള്‍ പരിഹരിക്കേണ്ടതും സന്ദര്‍ശകരുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അന്തരീക്ഷമായി അവ മാറുന്നത് തടയാന്‍ സുരക്ഷാ നടപടികള്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അലി അബൂസുകൈത പറഞ്ഞു.



