ജുബൈൽ: ‘ഇസ്ലാം സമാധാനവും നിർഭയത്വവും’ എന്ന ശീർഷകത്തിൽ സൗദിയിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതലത്തിൽ നടത്തുന്ന കാമ്പയിന്റെ കിഴക്കൻ പ്രവിശ്യാതല ഉദ്ഘാടന സമ്മേളനം ജുബൈലിൽ സമാപിച്ചു. ജുബൈൽ ദഅവ ആൻഡ് ഗൈഡൻസ് സെന്റർ അങ്കണത്തിൽ നടന്ന സമ്മേളനം പ്രമുഖ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.
സമാധാനവും നിർഭയത്വവും ഉൽഘോഷിക്കുന്ന ഇസ്‌ലാം മതത്തെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെന്നും, അത്തരം ശ്രമങ്ങളെ ചെറുത്ത് യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് ഇസ്ലാമിനെ തിരിച്ചറിയാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ജീവിതത്തിലൂടെ ഇസ്ലാമിന്റെ വിശ്വാസ ആചാരങ്ങൾ പ്രതിഫലിപ്പിക്കാൻ മുസ്ലിം സമൂഹം കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അബ്ദു റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകൾക്ക് യാതൊരു പരിഗണനയും ലഭിക്കാതിരുന്ന ആറാം നൂറ്റാണ്ടിൽ, അവർക്ക് കൃത്യമായ അവകാശങ്ങളും മഹത്തായ സ്ഥാനവും നൽകി ആദരിച്ചത് പ്രവാചകൻ മുഹമ്മദ് നബിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭദ്രമായ കുടുംബസംവിധാനത്തിലൂടെ ഒരു ജനതയെ മുഴുവൻ സമാധാനത്തിലേക്ക് നയിച്ച പ്രവാചക മാതൃക ലോകത്തിന് എന്നും വഴികാട്ടിയാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്ത്രീകളെ കേവലം ഉപഭോഗവസ്തുവായും പരസ്യങ്ങൾക്കുള്ള മാർക്കറ്റിംഗ് ഉപാധിയായും മാറ്റുന്ന ആധുനിക പ്രവണതകൾ തിരിച്ചറിയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘പാനൽ ഡിസ്കഷന്’ ദമാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നേതൃത്വം നൽകി. ഇരു ഹറമുകളുടെയും സേവകരായി ലോക മുസ്ലിങ്ങൾക്ക് വലിയ സംഭാവനകൾ നൽകുന്ന സൗദി അറേബ്യയുടെ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്. എന്നാൽ പരിശുദ്ധ മക്കയിലേക്കും മദീനയിലേക്കും അക്രമങ്ങൾ അഴിച്ചുവിടുന്ന ഇസ്ലാമിന്റെ ശത്രുക്കളെ തിരിച്ചറിയുകയും അവരെ ശക്തമായി അപലപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജുബൈൽ ദഅവ സെന്റർ മലയാള വിഭാഗം തലവൻ ഇബ്രാഹിം അൽ ഹികമി മോഡറേറ്ററായിരുന്നു.
ആദർശ സെഷനിൽ അൽഖോബാർ റാക്ക ദഅവ സെന്റർ പ്രബോധകൻ സർഫറാസ് സ്വലാഹി വിഷയാവതരണം നടത്തി. ഏകനായ അല്ലാഹുവിന് മാത്രമാണ് ആരാധനകൾ അർപ്പിക്കേണ്ടതെന്ന മൗലിക തത്വം ഉയർത്തിപ്പിടിക്കുന്ന ഇസ്ലാം, എല്ലാവിധ വിശ്വാസ ചൂഷണങ്ങളെയും അക്രമങ്ങളെയും ഇല്ലാതാക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സുബുഹാൻ സ്വലാഹി സമാപന പ്രഭാഷണം നിർവ്വഹിച്ചു. ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നാൽപതോളം വൈവിധ്യമാർന്ന പരിപാടികൾക്ക് ഈ സമ്മേളനത്തോടെ തുടക്കമായതായി അദ്ദേഹം അറിയിച്ചു.







