ജിദ്ദ: പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെ ലോകം അഭിമുഖീകരിക്കുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ക്ഷമ കൈക്കൊള്ളുകയും സ്രഷ്ടാവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസിയെന്ന് പ്രമുഖ ഇസ്‌ലാഹീ പ്രഭാഷകൻ സലീം ഹമദാനി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററിൽ ‘പ്രതിസന്ധികളിൽ വിശ്വാസികളുടെ നിലപാട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കർമ്മങ്ങൾ ചെയ്യുന്നവരെ പരീക്ഷിക്കാൻ വേണ്ടിയാണ് ജീവിതവും മരണവും നൽകിയതെന്ന് പരിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട്. വിശപ്പ്, ഭയം, രോഗം, സാമ്പത്തിക-സന്താന നഷ്ടങ്ങൾ തുടങ്ങി വിവിധങ്ങളായ പരീക്ഷണങ്ങൾ വിശ്വാസികൾക്ക് നേരിടേണ്ടി വരുമെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നു. സുഖകരമായ ജീവിതത്തിനിടയിൽ പരീക്ഷണങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഈ ഭൂമിയിലെ ജീവിതമെന്ന് ഖുർആൻ വചനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പ്രവാചകൻ ആദം (അ) മുതൽ അവസാന പ്രവാചകൻ മുഹമ്മദ് നബി (സ) വരെയുള്ളവർ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ്. തന്റെ സമ്പത്തും സന്താനങ്ങളും ആരോഗ്യവും നഷ്ടപ്പെട്ടിട്ടും ക്ഷമയോടെ സ്രഷ്ടാവിൽ ഭരമേൽപ്പിച്ച അയ്യൂബ് നബിയുടെ ചരിത്രം വിശ്വാസികൾക്ക് വലിയ മാതൃകയാണ്. എല്ലാവരും കൈയൊഴിഞ്ഞപ്പോഴും സ്രഷ്ടാവിനോട് മാത്രം സഹായം തേടിയ അദ്ദേഹത്തിന് നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ തിരികെ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധം പോലുള്ള പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോവുകയും സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നതിന് പകരം മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങളിലേക്ക് തിരിയുകയും ചെയ്യുന്നത് വേദനാജനകമാണ്. ഇത്തരം തെറ്റായ രീതികളിൽ നിന്ന് വിട്ടുനിന്ന് പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും സ്രഷ്ടാവിനോട് പ്രാർത്ഥിക്കാനും വിശ്വാസികൾ തയ്യാറാകണമെന്ന് സലീം ഹമദാനി ഓർമ്മിപ്പിച്ചു.
അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷിഹാബ് സലഫി നന്ദിയും രേഖപ്പെടുത്തി.



