ജിദ്ദ: കുട്ടികളുടെ പാചക വൈദഗ്ധ്യവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി എമ്പവറിംഗ് വിമൻസ് അലയൻസ് (EWA) സംഘടിപ്പിച്ച ‘പ്രെപ് & പ്ലേറ്റ്’ (Prep & Plate) സാലഡ് മേക്കിംഗ് മത്സരം ബഗ്ദാദിയയിലെ ഹൈപ്പർ അൽ വഫയിൽ നടന്നു.
ഒക്ടോബർ 1-ന് രാത്രി 8:30-ന് ആരംഭിച്ച പരിപാടിയിൽ 6 മുതൽ 10 വയസ്സുവരെയുള്ള നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വ്യത്യസ്തവും ആകർഷകവുമായ രീതികളിൽ സാലഡുകൾ തയ്യാറാക്കി കുട്ടികൾ തങ്ങളുടെ പാചക വൈഭവവും സർഗ്ഗാത്മകതയും വേദിയിൽ തെളിയിച്ചു.
EWA ചീഫ് കോർഡിനേറ്റർ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് സബീന റാഫി, ജ്യോതി ബാബുകുമാർ, ഷറീന റഷീദ്, നീമ എന്നിവർ കോർഡിനേഷൻ നിർവ്വഹിച്ചു. ജിന്നി ജോർജ്, അഫ്ര സബീൻ റാഫി എന്നിവരായിരുന്നു അവതാരകർ.
മത്സരത്തിൽ ലാഹിസ് ഫൈസൽ ഒന്നാം സ്ഥാനവും, അസിൽ യസ്ദാൻ രണ്ടാം സ്ഥാനവും, ഷസ്മിൻ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ബേബി ഷക്കീല, ഷഫീദ എന്നിവരായിരുന്നു വിധികർത്താക്കൾ.
മത്സരത്തിന് പുറമെ കുട്ടികൾ അവതരിപ്പിച്ച പാട്ടുകളും നൃത്തങ്ങളും പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. വിജയികൾക്ക് അൽ വഫ നൽകിയ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കുടുംബസമേതം സൗഹൃദപരമായ അന്തരീക്ഷം പങ്കിടാനും സാധിച്ച ചടങ്ങ് രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.







