കോഴിക്കോട്- സൂഫിസവുമായി ബന്ധപ്പെട്ട് ശബ്നം നൂർജഹാൻ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. തന്റെ മരുമകൾ കൂടിയായ ശബ്നം നൂർജഹാൻ ഉയർത്തിയ അഭിപ്രായങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണെന്നും അവർ തന്റെ മരുമകൾ ആയതിനാൽ എന്നെയും ഇതുമായി ബന്ധപ്പെടുത്തി ചിലർ പരാമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രതികരണം നടത്തുന്നതെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും എന്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും ഞാൻ എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും മടവൂർ വ്യക്തമാക്കി. അതോടൊപ്പം, അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലർത്തണമെന്നും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഭിപ്രായവ്യത്യാസം ശത്രുതയായി മാറേണ്ടതില്ല.
“മതത്തിൽ നിർബന്ധമില്ല”, “നീ ഉദ്ബോധകൻ മാത്രമാണ്; അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല”, “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം” , വിശുദ്ധ ഖുർആന്റെ ഈ സന്ദേശങ്ങൾ എന്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ്. പൊതുമണ്ഡലത്തിൽ ഞാൻ സ്വീകരിച്ചുവന്ന ഇതേ സമീപനം തന്നെയാണ് കുടുംബജീവിതത്തിലും പിന്തുടരുന്നത്. മക്കളോടായാലും മരുമക്കളോടായാലും എനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഞാൻ പറയാറുണ്ട്; ആവശ്യമായ ഉപദേശങ്ങൾ നൽകാറുമുണ്ട്. ഈ വിഷയത്തിലും എന്റെ ബാധ്യത ഞാൻ നിർവഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിനുള്ള നല്ല അന്തരീക്ഷം നിലനിർത്തിയിട്ടുമുണ്ടെന്നും മടവൂർ അറിയിച്ചു.







