ജിദ്ദ: വയനാട് ദുരിതബാധിതർക്കായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്നത് സർക്കാരിന് പോലും ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനമാണെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തിലും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും വയനാട് പുനരധിവാസ പാക്കേജ് അടക്കം മുസ്ലിം ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൽ കെ.എം.സി.സി പ്രവർത്തകർ മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെമ്മാട് ദയാ ചാരിറ്റി സെന്റർ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റും ഒരു മാസം നീണ്ടുനിൽക്കുന്ന വിഭവ സമാഹരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്ററിന്റെയും ദയാ ചാരിറ്റി സെന്ററിന്റെയും പ്രവർത്തനങ്ങൾക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ് പരിശുദ്ധ റമദാനിൽ പ്രവർത്തകർ നടത്തുന്ന വിഭവ സമാഹരണമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ദയാ ചാരിറ്റി സെന്റർ ആരംഭിക്കുന്ന ‘പൂക്കോയ തങ്ങൾ പാലിയേറ്റീവ്’ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മോഡേൺ ഫുഡ് ട്രേഡിംഗ് ഗ്രൂപ്പ് എം.ഡി ഫിറോസ് മാനുപ്പയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സക്കീർ കുന്നുമ്മൽ, ഫിറോസ് മാനുപ്പ, മജീദ് കള്ളിയീൽ, ഉനൈസ് കരുമ്പിൽ, പി.കെ. സുഹൈൽ, നൂർ മുഹമ്മദ് പാലത്തിങ്ങൽ, ജാഫർ വെന്നിയൂർ, നാസർ മമ്പുറം, കെ.വി. ജംഷീർ, പി.എം. അഷ്റഫ്, ശംസീർ ചെട്ടിപ്പടി, എം.സി. സുഹൈൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മജീദ് പുകയൂർ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.



