അമ്മാന്‍ – ജോര്‍ദാനിലെ ഈമാന്‍ ബിന്‍ത് അബ്ദുല്ല രണ്ടാമന്‍ രാജകുമാരി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി റോയല്‍ ഹാഷിമൈറ്റ് കോര്‍ട്ട് ഇന്ന് അറിയിച്ചു. ഈമാന്‍ രാജകുമാരിക്കും ഭര്‍ത്താവ് ജമീല്‍ അലക്‌സാണ്ടര്‍ തെര്‍മിയോട്ടിസിനും 2026 ഓഗസ്റ്റ് 14 ന് ഇരട്ട പെണ്‍കുട്ടികള്‍ പിറന്നതായി അറിയിക്കുന്നതില്‍ റോയല്‍ ഹാഷിമൈറ്റ് കോര്‍ട്ടിന് സന്തോഷമുണ്ടെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്‍ രാജകുമാരന്‍ ഈമാന്‍ രാജകുമാരിയെയും ഭര്‍ത്താവിനെയും അഭിനന്ദിച്ചു. പൂര്‍ണ്ണമായ അനുഗ്രഹത്തിനും മഹത്തായ അനുഗ്രഹത്തിനും ദൈവത്തിന് സ്തുതി. അഭിനന്ദനങ്ങള്‍, ജമീലിനും ഈമാനും – തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കിരീടാവകാശി പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുടുംബ ഫോട്ടോയിലൂടെയാണ് റാനിയ അല്‍അബ്ദുള്ള രാജ്ഞി തന്റെ മകള്‍ ഈമാന്‍ രാജകുമാരി ഗര്‍ഭിണിയായ വിവരം പുറംലോകത്തെ അറിയിച്ചത്.
വഴിയില്‍ ഒരു പുതിയ സന്തോഷം… ഈമാനും ജമീലിനും എന്റെ പ്രിയപ്പെട്ട അമീനക്കും. അമീന മൂത്ത സഹോദരിയായി മാറാന്‍ പോകുന്നു. ദൈവം നിങ്ങള്‍ക്ക് സമാധാനം നല്‍കട്ടെ, എല്ലാ നന്മകളും പൂര്‍ത്തീകരിച്ച് നല്‍കട്ടെ – മാതൃത്വത്തിന്റെയും മുത്തശ്ശിയുടെയും വികാരങ്ങള്‍ നിറഞ്ഞ കമന്റ് റാനിയ രാജ്ഞി ഫോട്ടോക്ക് താഴെ രേഖപ്പെടുത്തി.
ജോര്‍ദാന്‍ രാജാവിന്റെ മകളായ ഈമാന്‍ രാജകുമാരി 2023 മാര്‍ച്ചിലാണ് ജമീല്‍ അലക്‌സാണ്ടര്‍ തെര്‍മിയോട്ടിസിനെ വിവാഹം കഴിച്ചത്. 2025 ഫെബ്രുവരി 16 ന് ദമ്പതികള്‍ക്ക് ആദ്യത്തെ മകള്‍ അമീന പിറന്നു.







