ദമാം- മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആന്റ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ
മാലിക് മഖ്ബൂൽ തയ്യാറാക്കി ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന തമസ്കൃതരുടെ സ്മാരകം എന്ന സാഹിത്യ – ചരിത്ര പഠനഗ്രന്ഥത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം ദമാമിൽ സംഘടിപ്പിക്കുമെന്നു പ്രകാശന സമിതി അംഗങ്ങൾ ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കലാപം കനൽ വിതച്ച മണ്ണ് എന്നപേരിൽ സമരത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും, ‘മലബാർ സമരം’, ‘1921- ഖിലാഫത്ത് വ്യക്തിയും ദേശവും’ എന്നീ പുസ്തകങ്ങളും തയ്യാറാക്കിയ മാലിക് മഖ്ബൂൽ ആലുങ്ങലാണ് “തമസ്കൃതരുടെ സ്മാരകം” എന്ന പുസ്തകവും തയ്യാറാക്കുന്നത്. 1921-ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട അന്നിരുപത്തൊന്നിൽ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനർഹമായ ഈ ഗ്രന്ഥം, സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ് ചർച്ച ചെയ്യുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിലെ മാപ്പിളമാർ നടത്തിയ ധീരോദാത്തമായ പോരാട്ടമായിരുന്നു മലബാർ സമരം. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തം ചിന്തിയ വളരെ പ്രധാനപെട്ട ഒരധ്യായം.
വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരൽ ചൂണ്ടുന്ന ഈ പുസ്തകം സമരത്തേ അറിയാനും കൂടുതൽ പഠിക്കാനും നമ്മേ പ്രേരിപ്പിക്കുമെന്നും എഡിറ്റർ മാലിഖ് മഖ്ബൂൽ പറഞ്ഞു. ജൂലൈ 3 വൈകിട്ട് 8 മണിക്ക് ദമാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താൽ പുസ്തകം പ്രകാശനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ പ്രകാശന സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ, ജന: കൺവീനർ ഒ.പി ഹബീബ്, അബ്ദുൽ മജീദ് കൊടുവള്ളി, റഹ്‌മാൻ കാരയാട്, ഫൈസൽ കൊടുമ, ബഷീർ ആലുങ്ങൽ, അലി ഭായ് ഊരകം, എഡിറ്റർ മാലിക് മഖ്ബൂൽ തുടങ്ങിയവർ പങ്കെടുത്തു.