റിയാദ്- അതിവേഗ നീക്കങ്ങളും തകർപ്പൻ ഗോളുകളും മാറിമറിഞ്ഞ മത്സരത്തിൽ ദമക് എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അൽ നസർ സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ടു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ വേട്ടയാണ് അൽ നസറിന് ഏഴു വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ലീഗ് കിരീടം സമ്മാനിച്ചത്. റിയാദിലെ അൽ-അവ്വൽ പാർക്ക് സ്റ്റേഡിയത്തെ ആവേശക്കടലാക്കി മാറ്റിയ പോരാട്ടത്തിനൊടുവിലാണ് അൽ നസർ ലീഗ് ചാമ്പ്യന്മാരായത്.
വീറും വാശിയും നിറഞ്ഞ സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത അൽ നസർ 86 പോയിന്റോടെയാണ് കിരീടം ചൂടിയത്. ചിരവൈരികളായ അൽ ഹിലാലിനെ വെറും രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് അൽ നസർ തങ്ങളുടെ പത്താം ലീഗ് കിരീടം ഷെൽഫിലെത്തിച്ചത്.
തുടക്കമിട്ട് സാദിയോ മാനെ; വിറപ്പിച്ചു നിർത്തി കോമാൻ
മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞുകളിച്ച ആതിഥേയർ 34-ാം മിനിറ്റിൽ തന്നെ ലീഡ് എടുത്തു. കോർണർ കിക്കിന് പിന്നാലെ ജോവോ ഫെലിക്സ് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ്, വായുവിൽ ഉയർന്നുചാടി തലകൊണ്ട് തൊടുത്തുവിട്ട് സാദിയോ മാനെയാണ് അൽ നസറിനായി ആദ്യ വെടിപൊട്ടിച്ചത് (1-0). ഈ ഗോളിന് മുൻപും റൊണാൾഡോയുടെ തകർപ്പൻ ഹെഡ്ഡറും മാനെയുടെ ലോങ് ഷോട്ടും ദമക് ഗോൾകീപ്പർ കെവിൻ കഷ്ടപ്പെട്ടാണ് തടഞ്ഞിട്ടത്. ഫെലിക്സും കിംഗ്‌സ്‌ലി കോമാനും ആദ്യ പകുതിയിൽ ദമക് പ്രതിരോധത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.
ആദ്യ പകുതിയിലെ ഇതേ ആവേശം രണ്ടാം പകുതിയിലേക്കും നിലനിർത്തിയ അൽ നസർ, കളി പുനരാരംഭിച്ച് ഏഴാം മിനിറ്റിൽ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. അബ്ദുള്ള അൽ ഖൈബരി ബോക്സിന് തൊട്ടുപുറത്തു നൽകിയ പാസ് സ്വീകരിച്ച ഫ്രഞ്ച് വിംഗർ കിംഗ്‌സ്‌ലി കോമാൻ തൊടുത്ത തീയുണ്ട പോലെയുള്ള ലോങ് റേഞ്ചർ ദമക് വലയുടെ താഴത്തെ കോണിലേക്ക് തുളച്ചുകയറുകയായിരുന്നു.
എന്നാൽ 58-ാം മിനിറ്റിൽ ബോക്സിനുള്ളിൽ മുഹമ്മദ് സിമാക്കാന്റെ കൈയിൽ പന്ത് തട്ടിയതിന് വി.എ.ആർ പെനാൽറ്റി വിധിച്ചതോടെ ദമകിന് കളിയിലേക്ക് തിരിച്ചുവരാൻ വഴിതുറന്നു. പെനാൽറ്റി എടുത്ത മോർലെ സില്ല അൽ നസർ ഗോൾകീപ്പറെ പൂർണ്ണമായി ദിശതെറ്റിച്ചു പന്ത് വലയിലാക്കിയതോടെ സ്കോർ 2-1 ആയി ചുരുങ്ങി.
പിന്നെ കണ്ടത് ‘ക്രിസ്റ്റ്യാനോ’ താണ്ഡവം
പെനാൽറ്റി ഗോളിന്റെ ആശ്വാസത്തിൽ തിരിച്ചുവരവിന് ശ്രമിച്ച ദമകിന്റെ നെഞ്ചിലേക്ക് ക്രിസ്റ്റ്യാനോ അടുത്ത പ്രഹരമേൽപ്പിച്ചു. 63-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു കവിങ് ഷോട്ടിലൂടെ ദമക് പ്രതിരോധ മതിലിനെ സൈഡാക്കി വലയുടെ വലതുമൂലയിലേക്ക് റൊണാൾഡോ പായിച്ചപ്പോൾ സ്റ്റേഡിയം ആവേശം കൊണ്ട് ഇരമ്പി (3-1).
തുടർന്ന് 81-ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാമത്തെയും അൽ നസറിന്റെ നാലാമത്തെയും ഗോൾ നേടി. പെനാൽറ്റി ബോക്സിനുള്ളിലെ മാന്ത്രിക നീക്കങ്ങൾക്കൊടുവിൽ ലഭിച്ച പന്ത് അതിവേഗത്തിൽ ഫിനിഷ് ചെയ്ത് അദ്ദേഹം അൽ നസറിന്റെ തകർപ്പൻ വിജയവും കിരീടവും ഔദ്യോഗികമായി ഉറപ്പിച്ചു.
നാല് രാജ്യങ്ങളിൽ ലീഗ് കിരീടം; റെക്കോർഡുകളുടെ സുൽത്താൻ
2023-ൽ സൗദി ലീഗിൽ എത്തിയതിന് ശേഷം റൊണാൾഡോ നേടുന്ന ആദ്യ പ്രോ ലീഗ് കിരീടമാണിത്. 2020-ൽ യുവന്റസിനൊപ്പം കിരീടം നേടിയതിന് ശേഷം ആറ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റൊണാൾഡോ ഒരു ലീഗ് കിരീടം സ്വന്തമാക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ എട്ടാമത്തെ ലീഗ് കിരീടമാണിത്.
2023-ൽ നേടിയ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന് ശേഷം സൗദി അറേബ്യയിൽ റൊണാൾഡോ നേടുന്ന രണ്ടാമത്തെ ട്രോഫിയാണിത്. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പുറമെ നാലാമതൊരു രാജ്യത്ത് കൂടി ഒന്നാം നിര ലീഗ് കിരീടം നേടുന്ന ലോകത്തിലെ ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡും ഇതോടെ റൊണാൾഡോ തന്റെ പേരിൽ കുറിച്ചു.



