ജിദ്ദ: നാഷണൽ ലീഗ് നേതൃത്വത്തിന്റെ നയനിലപാടുകളിൽ പ്രതിഷേധിച്ചു പാർട്ടിയുടെ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി സ്ഥാനങ്ങൾ രാജിവെച്ചു. മുപ്പത്തിരണ്ടു വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചതായും പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിയുന്നതായും അദ്ദേഹം ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും ഐ.എം.സി.സി ചെയർമാൻ സ്ഥാനത്തുനിന്നും നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും വിവരം ഔദ്യോഗികമായി പുറത്തു വരാത്തതിനാലാണ് ഇപ്പോൾ പരസ്യ പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ അന്തസ്സും അസ്തിത്വവും പണയപ്പെടുത്തി എൽ.ഡി.എഫിന്റെ കേവലം സ്തുതിപാഠകരായി നേതൃത്വം മാറിയെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. പാർട്ടിയുടെ കീഴ്ഘടകങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനം. ഇബ്രാഹിം സുലൈമാൻ സേട്ട് വിഭാവനം ചെയ്ത ആദർശങ്ങളിൽ നിന്ന് പാർട്ടി വ്യതിചലിച്ചു. ഉൾപ്പോരും പരസ്പര വിശ്വാസമില്ലായ്മയും കാരണം പാർട്ടി സംവിധാനം നിശ്ചലമാണ്. സമീപകാല തെരഞ്ഞെടുപ്പുകളിൽ നാഷണൽ ലീഗിന്റെ സാന്നിധ്യം രാഷ്ട്രീയ ഭൂപടത്തിൽ എവിടെയും കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള പ്രസ്താവനകൾക്കെതിരെ പ്രതികരിക്കേണ്ട സമയത്ത് നിശബ്ദത പാലിക്കുന്ന നേതൃത്വം മറ്റാരുടെയോ ആജ്ഞാനുവർത്തികളെപ്പോലെയാണ് പെരുമാറുന്നത്. ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പതിനഞ്ചോളം വീടുകൾ നിർമ്മിക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങൾ ഐ.എം.സി.സി ഒരുക്കിയിട്ടും നേതൃത്വം അത് തകിടം മറിച്ചു. നേതാക്കൾക്കിടയിലെ അനൈക്യവും പരിഗണനകളെ ചൊല്ലിയുള്ള തർക്കങ്ങളുമാണ് മാതൃകാപരമായ ഈ പദ്ധതി മുടങ്ങാൻ കാരണം. സംസ്ഥാന പ്രസിഡന്റ് അനിവാര്യമായ ഇടപെടലുകൾ നടത്താതെ മാറിനിൽക്കുന്നത് ഖേദകരമാണെന്നും, നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നത് മനസ്സാക്ഷിയോടുള്ള വഞ്ചനയാണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.



