സൻആ: വടക്കൻ യെമനിലെ അംറാൻ ഗവർണറേറ്റിൽ പെയ്ത കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ നാല് സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അംറാൻ ഗവർണറേറ്റിന്റെ തെക്കുകിഴക്കുള്ള അയാൽ സുറൈഹ് ജില്ലയിലെ അമദ് ഗ്രാമത്തിലെ ഒരു വീട്ടിൽ, ഹൂത്തി വിഭാഗത്തിന്റെ സോഷ്യൽ സൂപ്പർവൈസർ സംഘടിപ്പിച്ച വനിതാ പരിപാടിയിൽ പങ്കെടുത്തവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ നാല് സ്ത്രീകൾ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സിവിൽ ഡിഫൻസ് അതോറിറ്റി സ്ഥിരീകരിച്ചു. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഉയരമുള്ള മരങ്ങൾ, വൈദ്യുതി ലൈനുകൾ, ലോഹ വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ അപകട സാധ്യത കുറയ്ക്കുന്നതിനായി പ്രതികൂല കാലാവസ്ഥയിൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കരുതെന്നും പ്ലഗ് ഓഫ് ചെയ്യണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ സമാനമായ മറ്റൊരു സംഭവത്തിൽ, അൽഹുദൈദ ഗവർണറേറ്റിലെ ജബൽ റാസ് ജില്ലയിൽ വീട്ടിൽ ഇടിമിന്നലേറ്റ് ദമ്പതികളും മകളും മരണപ്പെട്ടിരുന്നു. മഴക്കാലത്ത് യെമനിൽ വെള്ളപ്പൊക്കത്തിലും മിന്നലേറ്റും നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ഇത്തരം അപകടങ്ങളിൽ 104 പേർ മരണപ്പെട്ടിരുന്നു.





