റിയാദ് – റിയാദ് പ്രവിശ്യയിലെ ഹുറൈമിലയിലെ അല്‍ശലാല്‍ പാര്‍ക്കില്‍ വൈദ്യുതാഘാതമേറ്റ് ബാലന്‍ ദാരുണമായി മരിച്ചു. ഹാകിം ബിന്‍ അലി അബൂസുകൈതയാണ് മരിച്ചത്. കുടുംബത്തോടൊപ്പം പാര്‍ക്കിലെത്തിയ ബാലന്‍ കളിക്കുന്നതിനിടെ ഷോക്കേറ്റ് നിലംപതിക്കുകയായിരുന്നു. സഹോദരന്‍ ബാലനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുവുകയും ചെയ്‌തെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മുസാഹ്‌മിയിലെ അല്‍ഹുവൈദി മസ്ജിദില്‍ വെച്ച് മയ്യത്ത് നമസ്‌കാരം നടത്തി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഹഫാര്‍ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
സംഭവത്തില്‍ ബാലന്റെ കുടുംബം അടിയന്തിര അന്വേഷണവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. മകന്റെ അപ്രതീക്ഷിത വേര്‍പാട് കുടുംബത്തിലുണ്ടാക്കിയ മാനസികവും ശാരീരികവുമായ ആഘാതം വളരെ വലുതാണെന്ന് ബാലന്റെ പിതാവ് അലി അബൂസുകൈത പറഞ്ഞു. ദൈവത്തിന്റെ വിധിക്ക് സ്തുതി. നഷ്ടം വളരെ വലുതാണ്. സംഭവത്തിന് ശേഷം അവന്റെ അമ്മയും സഹോദരിമാരും തകര്‍ന്നുപോയി. ഞങ്ങളുടെ മകനെ നഷ്ടപ്പെടുന്നത് അവിശ്വസനീയമാംവിധം വേദനാജനകമാണ്. സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് ഉടനടി സുതാര്യമായ അന്വേഷണം ആരംഭിക്കണം. തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ അശ്രദ്ധയോ വീഴ്ചയോ വരുത്തിയതായി കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. പൊതു പാര്‍ക്കുകളിലെ അപകടസാധ്യതകള്‍ പരിഹരിക്കേണ്ടതും സന്ദര്‍ശകരുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന അന്തരീക്ഷമായി അവ മാറുന്നത് തടയാന്‍ സുരക്ഷാ നടപടികള്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അലി അബൂസുകൈത വ്യക്തമാക്കി.



