മദീന: മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിന്റെ വിശദാംശങ്ങളും പ്രവാചക ജീവിതത്തിലെ സുഗന്ധപൂർണമായ സംഭവങ്ങളും മദീനയെ വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും അടുപ്പിക്കുന്നു. നഗരത്തിന്റെ ഓരോ മുക്കിലും പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അടയാളങ്ങൾ കാണാം. ഈ അടയാളങ്ങൾ ദൈവീക സന്ദേശ യുഗത്തെ അനുസ്മരിപ്പിക്കുകയും തലമുറകൾക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്യുന്നു. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഡസൻ കണക്കിന് സ്ഥലങ്ങൾ മദീനയെ സന്ദർശകർക്ക് ആകർഷകമാക്കുന്നു.
ഇത്തരം ചരിത്ര കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഖുബാ മസ്ജിദിന് തെക്കുപടിഞ്ഞാറ്, അൽ ഉസ്ബ ഡിസ്ട്രിക്ടിൽ, 500 മീറ്ററിൽ താഴെ അകലെ സ്ഥിതി ചെയ്യുന്ന ബനീ അനീഫ് മസ്ജിദ്. ഖുബാ നിവാസികളുടെ സഖ്യകക്ഷിയായിരുന്ന ബനീ അനീഫ് ഗോത്രത്തിന്റെ പേര് ഈ മസ്ജിദിന് നൽകപ്പെട്ടു. ചില ചരിത്രകാരന്മാർ ഇതിനെ ‘അൽ സുബ്ഹ്’ അല്ലെങ്കിൽ ‘അൽ മുസബ്ബഹ്’ എന്നും വിശേഷിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് (സ) ഇവിടെ ഫജ്ർ നമസ്കാരം നിർവഹിച്ചിട്ടുണ്ട്. രോഗബാധിതനായ തന്റെ സഹചാരി ത്വൽഹ ബ്നു അൽ ബറാഇനെ (റ) സന്ദർശിച്ചപ്പോഴും പ്രവാചകൻ ഇവിടെ നമസ്കരിച്ചു. ഇത് മസ്ജിദിന് ആഴമേറിയ മാനുഷികവും ആത്മീയവുമായ മാനം നൽകുന്നു.


ലാളിത്യവും ആധികാരിക വാസ്തുവിദ്യയും ഈ മസ്ജിദിന്റെ സവിശേഷതകളാണ്. ഇരുണ്ട ബസാൾട്ട് കല്ലുകൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഏകദേശം 37.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മസ്ജിദിന് മേൽക്കൂര ഇല്ല.
ഇസ്ലാമിക പൈതൃകം സംരക്ഷിക്കാനും രാജ്യത്തിന്റെ വാസ്തുവിദ്യാ സ്വത്വം വർധിപ്പിക്കാനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി, മദീന വികസന അതോറിറ്റി ബനീ അനീഫ് മസ്ജിദിന്റെ പുനരുദ്ധാരണം സൂക്ഷ്മമായി നടപ്പാക്കി. പരമ്പരാഗത മരത്തൂണുകൾ ഉപയോഗിച്ച് ചുവരുകൾ ബലപ്പെടുത്തുക, വെളുത്ത മാർബിൾ തറ വിരിക്കുക, പുരാവസ്തു സ്വഭാവത്തിന് ഇണങ്ങുന്ന ലൈറ്റുകൾ സ്ഥാപിക്കുക എന്നിവ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഈത്തപ്പനകളും പ്രാദേശിക കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച കല്ല് മുറ്റം മസ്ജിദിന്റെ ലാളിത്യവും ആധികാരികതയും എടുത്തുകാട്ടുന്നു.


സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, ചരിത്ര സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും മത-സാംസ്കാരിക ടൂറിസം വർധിപ്പിക്കുന്നതിനുമുള്ള സഹകരണത്തിന്റെ ഭാഗമായി, മദീന വികസന അതോറിറ്റിയും സൗദി ഹെറിറ്റേജ് കമ്മിഷനും ചേർന്നാണ് പുനരുദ്ധാരണം നടപ്പാക്കിയത്. പ്രവാചക പലായനത്തിന്റെ സാക്ഷിയായ ഈ മസ്ജിദ്, മദീനയിലെ പ്രധാന ആത്മീയ അടയാളങ്ങളിൽ ഒന്നാണ്.
മദീനയിലെ മത-ചരിത്ര സ്ഥലങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടിന്റെ ഭാഗമായി, ബനീ അനീഫ് മസ്ജിദ് മത-സാംസ്കാരിക ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദീന വികസന അതോറിറ്റിയുടെ ‘വിസിറ്റ് മദീന’ പ്ലാറ്റ്ഫോം, ബനീ അനീഫ് മസ്ജിദ് ഉൾപ്പെടെയുള്ള ചരിത്ര സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കുന്നു. ഈ പ്ലാറ്റ്ഫോം മദീനയുടെ ചരിത്ര-സാംസ്കാരിക-നാഗരിക അടയാളങ്ങൾ അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കി, പ്രവാചക നഗരിയുടെ സന്ദർശന അനുഭവം സമ്പന്നമാക്കുന്നു.