ജിദ്ദ- ഒരു പതിറ്റാണ്ടിലേറെയായി ജിദ്ദയിലെ പ്രവാസി മലയാളികൾക്കിടയിൽ മതപ്രബോധന രംഗത്ത് സ്‌തുത്യർഹമായ സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന ഷറഫിയ്യ ഖാലിദ് ബിൻ വലീദിലുള്ള അനസ് ബിൻ മാലിക് സെന്ററിൽ ഖുർആൻ മനപ്പാഠത്തിന് മാത്രമായി ‘അൽ-ഇത്ഖാൻ’ എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കുന്നതായി സെന്റർ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ബാച്ചുകളിലേക്കുള്ള ക്ലാസുകൾ സെപ്തംബർ പന്ത്രണ്ടിന് തുടങ്ങും. ആഴ്ചയിൽ അഞ്ചു ദിവസങ്ങളിൽ രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകൾ നടക്കുക. മാനവരാശിയെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രകാശവും, നേരിന്റെ മാർഗത്തിലേക്ക് വഴിനടത്തുന്ന വിളക്കുമാടവും, ഹൃദയങ്ങൾക്ക് വസന്തവുമായി അവതീർണ്ണമായ ദൈവിക ഗ്രന്ഥത്തിന്റെ പഠനവും മനനവും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പദധതിൽ ഒന്നാണ് ‘അൽ-ഇത്ഖാൻ’ എന്ന് പ്രതിനിധികൾ വിശദീകരിച്ചു.
ജിദ്ദാ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ ഇതിനു പുറമെ, ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ (വ്യാഴം, വെള്ളി, ശനി) രണ്ട് ഷിഫ്റ്റുകളിലായി മുന്നൂറിൽ പരം കുട്ടികൾ പഠിക്കുന്ന റെഗുലർ ഇസ്‌ലാമിക് മദ്രസ, മൂന്നു വയസ്സ് പ്രായമുള്ള നാൽപതോളം കുട്ടികൾ പഠിക്കുന്ന അൽ-ഫിത്റ ഇസ്‌ലാമിക് പ്രീ സ്കൂൾ, മുപ്പതോളം കുട്ടികൾ പഠിക്കുന്ന, ടീനേജുകൾക്ക് മാത്രമായുള്ള CRE (കണ്ടിന്യൂസ് റിലീജിയസ് എജ്യുക്കേഷൻ) കോഴ്സ്, തുടങ്ങിയവ വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്നുണ്ട്. കെ.ജി. മുതൽ ഒന്നാംതരം വരെയുള്ള കുട്ടികൾക്കായി ഇസ്‌ലാമിക് മദ്റസയുടെ ഒരു ബ്രാഞ്ച് ഈ വർഷം ബവാദിയിൽ ആരംഭിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
പുതുതായി ആരംഭിക്കുന്ന അൽ-ഇത്ഖാൻ തഹ്ഫീദ് കോഴ്സിൽ ആഴ്ചയിൽ അഞ്ചു ദിവസങ്ങളിൽ രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകൾ നടക്കുക. ഏഴ് വയസ്സ് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഞായർ മുതൽ വ്യാഴം വരെ നടക്കുന്ന മോണിംഗ് ബാച്ചും, ഏഴ് വയസ്സ് മുതൽ ഏത് പ്രായത്തിലുമുള്ള കുട്ടികൾക്കും പഠനം ആഗ്രഹിക്കുന്ന മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഈവനിംഗ് ബാച്ചുമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. മോണിംഗ് ബാച്ച് രാവിലെ ഏഴ്മണി മുതൽ ഉച്ചക്ക് 1:30 വരെയും ഈവനിംഗ് ബാച്ച് വൈകുന്നേരം 6:30 മുതൽ ഒൻപത് മണി വരെയുമാണ് പ്രവർത്തിക്കുക. മോണിംഗ് ബാച്ചിൽ അഡ്മിഷനെടുക്കുന്ന, ഖുർആൻ ഒഴുക്കോടെ പാരായണം ചെയ്യാനറിയാവുന്ന കുട്ടികൾക്ക് രണ്ട് വർഷം കൊണ്ടും, ഈവനിംഗ് ബാച്ചിലെ കുട്ടികൾക്ക് മൂന്നു വർഷം കൊണ്ടും ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കാൻ സാധിക്കുന്ന രൂപത്തിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്.
ഖുർആൻ മനപ്പാഠമാക്കുന്നതിനൊപ്പം പാരായണ നിയമങ്ങളും, നിത്യജീവിതത്തിലെ പ്രാർത്ഥനകളും മറ്റു സദാചാര മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകും. അറബ് വംശജരായ വിദഗ്ദ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പഠനം പൂർത്തീകരിക്കുന്ന കുട്ടികൾക്ക് സൗദി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകും. സ്കൂൾ പഠനം മുടങ്ങാതെ തന്നെ ഖുർആൻ പഠനം സാധ്യമാകുന്ന ഓപ്പൺ സ്കൂൾ സംവിധാനത്തിൽ കുട്ടികളെ എൻറോൾ ചെയ്യിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ആവശ്യമായ രേഖകൾക്കും മറ്റുമുള്ള സഹായങ്ങൾ സെന്ററിൽ നിന്ന് ലഭിക്കും. ബോയ്സിനും, ഗേൾസിനും, മുതിർന്ന സ്ത്രീ പുരുഷൻമാർക്കും പ്രത്യേക ക്ലാസ് മുറികളാണ് സംവിധാനിച്ചിട്ടുള്ളത്. ഹാഫിളുകളായ റിവിഷൻ (മുറാജഅ) ആഗ്രഹിക്കുന്നവർക്കും പ്രവേശനം ലഭ്യമായിരിക്കും. ജിദ്ദയുടെ ഏത് ഭാഗത്തു നിന്നും ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സമ്മർ വെക്കേഷൻ സമയത്ത്, കുറഞ്ഞ ദിവസം കൊണ്ട് കൂടുതൽ മനപാഠമാക്കുന്നതിന് സഹായകമായ പഠന പദധതി ‘നൂറൽ ഖുർആൻ’ എന്ന പേരിൽ വളരെ വിജയകരമായി അനസ് ബിൻ മാലിക് സെന്ററിൽ നടന്നു വരുന്നുണ്ട്. ഈ പ്രാവശ്യം മൂന്ന് കുട്ടികൾ നൂറുൽ ഖുർആൻ പദധതിയിലൂടെ പഠനം പൂർത്തീകരിച്ച് ഹാഫിദുകളായി. നൂറുൽ ഖുർആന്റെ തുടർച്ചയാണ് അൽ-ഇത്ഖാൻ റെഗുലർ കോഴ്സ്.
കോഴ്സിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ഷാഫിയ്യയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ സൗദി അവ്വൽ (SAB) ബാങ്കിന് സമീപം പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് സെന്റർ ഓഫീസുമായോ 0535618598 / 0509299816 / 0561562092 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സെന്റർ പ്രസിഡണ്ട് സുനീർ പുളിക്കൽ, ജന.സെക്രട്ടറി ഫൈസൽ വാഴക്കാട്, കോഴ്സ് അക്കാദമിക് മേധാവി മുഹമ്മദ് റഫീഖ് സുല്ലമി, അൽ-ഇത്ഖാൻ പ്രിൻസിപ്പാൾ അബ്ദുർറഊഫ് അൽ-ഹികമി, കോർഡിനേറ്റർ നൗഫൽ പീടിയേക്കൽ എന്നിവർ സംബന്ധിച്ചു.







