റിയാദ് – വിമാനത്താവള മേഖലയിൽ സൗദി അറേബ്യ വൻതോതിലുള്ള സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് പറഞ്ഞു. സൗദിയിൽ സ്വകാര്യവൽക്കരണത്തിലും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്ത ഘട്ടത്തിലും പ്രവേശിച്ച ആദ്യ മേഖലകളിൽ ഒന്നാണ് വ്യോമയാന മേഖലയെന്ന് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്‌സ് സർവീസ് കോൺഫറൻസിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് പറഞ്ഞു. ഇക്കാര്യത്തിൽ മധ്യപൗരസ്ത്യ മേഖലയിൽ വിജയകരമായ മാതൃകകൾ കൈവരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മിഡിൽ ഈസ്റ്റിൽ എയർപോർട്ട് മേഖലയിലെ ആദ്യത്തെ യഥാർഥ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. 2016 ലാണ് പുതിയ മദീന എയർപോർട്ട് ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ മദീന എയർപോർട്ടിന്റെ പ്രാരംഭ ശേഷി പ്രതിവർഷം 30 ലക്ഷത്തിൽ താഴെ യാത്രക്കാരായിരുന്നു. അന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് മദീന വിമാനത്താവളം പ്രവർത്തിപ്പിച്ചിരുന്നത്. പിന്നീട് പുതിയ എയർപോർട്ടിന്റെ രൂപകൽപ്പന, നടപ്പാക്കൽ, ധനസഹായം, പ്രവർത്തിപ്പിക്കൽ എന്നിവ സ്വകാര്യ മേഖലയെ ഏൽപ്പിച്ചു. ഇത് വിമാനത്താവളത്തിന്റെ ശേഷി 85 ലക്ഷം യാത്രക്കാരായി ഉയർത്താൻ സഹായിച്ചു.
വിമാനത്താവളത്തിന്റെ ശേഷി 1.8 കോടി യാത്രക്കാരായി ഉയർത്താനായി അതേ കമ്പനിയുമായി ഒരു വർഷം മുമ്പ് പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ കാലാവധി 30 വർഷത്തേക്ക് കൂടി നീട്ടിയിട്ടുമുണ്ട്. കോവിഡ്19 മഹാമാരി കാലത്ത് ഈ പങ്കാളിത്തം അതിന്റെ ശക്തി തെളിയിച്ചു. കോവിഡ് മഹാമാരി ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചത് വ്യോമയാന മേഖലയെയായിരുന്നു. എന്നാൽ സർക്കാർ വകുപ്പുകളുടെ പിന്തുണയോടെയും, വായ്പ നൽകുന്നവരോടും ധനകാര്യ സ്ഥാപനങ്ങളോടുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയോടെയും മദീന എയർപോർട്ട് വികസന പദ്ധതി തുടർന്നു.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിലവിൽ വിമാനത്താവള മേഖലയിൽ വൻതോതിലുള്ള സ്വകാര്യവൽക്കരണ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഇതിൽ സ്വകാര്യ മേഖല കേന്ദ്ര പങ്ക് വഹിക്കും. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അബഹ എയർപോർട്ട് സ്വകാര്യവൽക്കരണ പദ്ധതി നടപടിക്രമങ്ങൾ ഒരു വർഷത്തിലേറെ മുമ്പ് ആരംഭിച്ചു. വിമാനത്താവളം നിർമിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും പങ്കാളിത്തം വഹിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്ന് 100 ലേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
മൂന്ന് ഘട്ടങ്ങളിലായി അബഹ വിമാനത്താവളത്തിന്റെ പ്രതിവർഷ ശേഷി 15 ലക്ഷം യാത്രക്കാരിൽ നിന്ന് 1.3 കോടി യാത്രക്കാരായി ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടെൻഡറിൽ വിജയിക്കുന്ന കൺസോർഷ്യത്തെ മൂന്ന് മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. ഓപ്പറേറ്റർമാർ, ധനകാര്യ സ്ഥാപനങ്ങൾ, നിക്ഷേപകർ, കരാറുകാർ എന്നിവരിൽ നിന്നുള്ള ശക്തമായ താൽപ്പര്യം സ്വകാര്യവൽക്കരണ അവസരങ്ങളിലുള്ള സ്വകാര്യ മേഖലയുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. തായിഫ്, അൽഖസീം, ഹായിൽ വിമാനത്താവളങ്ങൾ അടക്കമുള്ള വിമാനത്താവളങ്ങളിൽ സ്വകാര്യവൽക്കരണ പദ്ധതികൾ പിന്നാലെ നടപ്പാക്കുമെന്നും അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് പറഞ്ഞു.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ, റെയിൽവേ, ലോജിസ്റ്റിക്‌സ് സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഗതാഗത മാർഗങ്ങളിലായി 200 ബില്യണിലേറെ റിയാലിന്റെ സ്വകാര്യ മേഖലാ നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കാൻ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രം സഹായിച്ചതായി ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രാദേശിക ഉള്ളടക്കം 30 ശതമാനത്തിൽ നിന്ന് 47 ശതമാനമായി വർധിച്ചിട്ടുണ്ട്. 2030 ഓടെ ഇത് 60 ശതമാനത്തിൽ എത്തുക എന്നതാണ് ലക്ഷ്യം. ഈ വളർച്ച നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ 2,20,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
2019 നും 2024 നും ഇടയിൽ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മേഖലയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്കുള്ള സംഭാവന ഇരട്ടിയായി വർധിച്ചു. ഇകൊമേഴ്‌സ് മേഖല 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിൽ വളർച്ച കൈവരിക്കുന്നുണ്ട്. സൗദിയിൽ പ്രതിവർഷം 20 കോടിയിലേറെ പാഴ്‌സലുകൾ കൈകാര്യം ചെയ്യുന്നു. പ്രതിദിന ഓർഡറുകളുടെ എണ്ണം പത്തു ലക്ഷം കവിയുന്നു. പ്രതിവർഷം 40 കോടിയിലേറെ ഓർഡറുകൾ വിതരണം ചെയ്യുന്നുണ്ട്.
റിയാദ്, ഹുഫൂഫ്, ദമ്മാം എന്നീ നഗരങ്ങളെ ഖത്തറുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ പദ്ധതിയുടെ പ്രഖ്യാപനം ഉൾപ്പെടെ നിരവധി തന്ത്രപരമായ പദ്ധതികളെ കുറിച്ച് റുമൈഹ് അൽറുമൈഹ് പരാമർശിച്ചു. ഗതാഗത സംവിധാനത്തിന്റെ സംയോജനം വർധിപ്പിക്കാനും സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമാക്കി മാറ്റാനുള്ള ലക്ഷ്യങ്ങളെ പിന്തുണക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി പറഞ്ഞു.



