മക്ക – വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 8,60,000 ലേറെ ഹജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇതില്‍ 8,20,000 പേര്‍ വിമാന മാര്‍ഗവും 35,000 പേര്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയും 4,000 ലേറെ പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത് വിമാന മാര്‍ഗം എത്തിയവരില്‍ 2,40,000 പേര്‍ക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തീര്‍ഥാടക സേവനത്തിന് ഏറ്റവും വലിയ മുന്‍ഗണന നല്‍കുന്നു. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിക്കാന്‍ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാണ്. യാത്ര സുഗമമാക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഹജ്, ഉംറ തീര്‍ഥാടകരുടെ അനുഭവം വര്‍ധിപ്പിക്കാനും സഹായിച്ച 100 ലധികം സംരംഭങ്ങള്‍ നടപ്പിലാക്കിയതിലൂടെ ഹജ്, ഉംറ, സിയാറത്ത് മേഖല ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ഫലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെ കുടുംബങ്ങളും 100 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഉള്‍പ്പെടെ 2,500 തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി വെളിപ്പെടുത്തി. സല്‍മാന്‍ രാജാവിന്റെ സമ്മാനമായി 20 ലക്ഷം വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യും. ഹാജിമാര്‍ കടന്നുപോകുന്ന വഴികളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനായി 20,000 ലധികം മസ്ജിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 12 കോടിയിലേറെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തീര്‍ഥാടകരുടെ ഫോണുകളിലേക്ക് അയക്കും.
തീര്‍ഥാടകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായി സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ വാണിജ്യ മന്ത്രാലയം മക്കയിലെയും മദീനയിലെയും മാര്‍ക്കറ്റുകളില്‍ 33,000 ലേറെ പരിശോധനകള്‍ നടത്തി. ഹാജിമാരെ പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക ലൈസന്‍സുകള്‍ നല്‍കി മക്കയിലും മദീനയിലും പാര്‍പ്പിട സൗകര്യങ്ങളുടെ ശേഷി ഉയര്‍ത്താന്‍ ടൂറിസം മന്ത്രാലയം നടപടികളെടുത്തു. മക്കയില്‍ ഹാജിമാരെ പാര്‍പ്പിക്കാന്‍ മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും 20 ലക്ഷത്തിലധികം കിടക്കകളും മദീനയില്‍ 3,32,000 ലേറെ കിടക്കകളുമുണ്ട്. ഹജ് സീസണിന് മുമ്പും ശേഷവും ഹോസ്പിറ്റാലിറ്റി മേഖലയില്‍ 19,000 ലേറെ പരിശോധനകള്‍ ടൂറിസം മന്ത്രാലയം നടത്തി. ഡിജിറ്റല്‍ സന്നദ്ധതാ സൂചികയില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ 5-ജി നെറ്റ്വര്‍ക്ക് കവറേജ് 100 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഹജ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 150 ലധികം മാധ്യമ സ്ഥാപനങ്ങളും 3,000 ലേറെ മാധ്യമപ്രവര്‍ത്തകരും 2,400 സാങ്കേതിക ജീവനക്കാരും പങ്കാളിത്തം വഹിക്കും. മൂന്നാമത് ഹജ് മീഡിയ ഫോറം ഈ വര്‍ഷം മക്കയില്‍ നടക്കുമെന്നും മീഡിയ മന്ത്രി കൂട്ടിച്ചേര്‍ത്തു.



