റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വിവിധ ഭാഗങ്ങളിൽ പുതുതായി നിർമ്മിച്ച 25 പാർക്കുകൾ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. റിയാദ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പാർക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഖസർ അൽ ഹുകുമിൽ നടന്ന ചടങ്ങിലാണ് നിർവഹിച്ചത്.
ചടങ്ങിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരത്തിലെ ഹരിത ഇടങ്ങൾ വിപുലീകരിക്കുന്നതിനും നഗരസൗന്ദര്യവൽക്കരണത്തിലൂടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടപ്പാക്കുന്ന പദ്ധതികളുടെ അവതരണവും ഗവർണർ വീക്ഷിച്ചു. 2021 മുതൽ ഇതുവരെ 144 പുതിയ പാർക്കുകളാണ് റിയാദ് നഗരസഭ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
നഗരവികസന പദ്ധതികൾക്ക് സൗദി ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയെ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പ്രശംസിച്ചു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രവിശ്യയുടെ വളർച്ചയ്ക്കൊപ്പം മുന്നേറുന്നതിനുമായി പാർക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.



