ജിദ്ദ– കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ 25 ശതമാനത്തിന്റെ മികച്ച വളർച്ചയുണ്ടായതായി നാഷണൽ സെന്റർ ഫോർ ഡേറ്റ്‌സ് ആൻഡ് പാംസ് അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ സൗദി ഈത്തപ്പഴത്തിന് പ്രിയമേറുന്നത് നിക്ഷേപകർക്കും കമ്പനികൾക്കും വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്. ആഗോള വിപണിയിൽ സൗദി അറേബ്യയുടെ സാന്നിധ്യം ശക്തമാക്കാൻ ഈ മുന്നേറ്റം സഹായിക്കുന്നു. 2025-ൽ രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി 193.8 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഉൽപ്പാദനം 19 ലക്ഷം ടണ്ണിലധികം ഉയർന്നത് ഈ മേഖലയുടെ കാര്യക്ഷമതയും വികസനവുമാണ് വ്യക്തമാക്കുന്നത്.
നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈത്തപ്പഴം കയറ്റി അയക്കുന്നുണ്ട്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിൽ ഈത്തപ്പഴ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 1,500-ലധികം ശാഖകളുള്ള 15 റീട്ടെയിൽ വിപണികളിലൂടെ ഈത്തപ്പഴ ഉൽപ്പാദനവും വിതരണവും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സംരംഭങ്ങൾ നടക്കുന്നുണ്ട്. ഇത് നിക്ഷേപകർക്ക് വലിയ സാമ്പത്തിക നേട്ടം നൽകുന്നതിനൊപ്പം സൗദി ഈത്തപ്പഴത്തിന്റെ ആഗോള വിപണി വിപുലീകരിക്കാനും സഹായിക്കുന്നു.



