റിയാദ്– തലസ്ഥാന നഗരിക്ക് നേരെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞു തകർത്തു. തകർന്നുവീണ മിസൈൽ ഭാഗങ്ങൾ പതിച്ച് ഒരു സൗദി പൗരന് നിസ്സാര പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ഒരു വീടിനും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ക്രൂയിസ് മിസൈലും തടഞ്ഞു തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
നേരത്തെ റിയാദ്, അൽഖർജ്, നജ്റാൻ എന്നിവിടങ്ങളിൽ അപകടസാധ്യതയുള്ളതായി നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് അപകട ഭീഷണി ഒഴിഞ്ഞതായി അറിയിപ്പ് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ സിവിൽ ഡിഫൻസ് പുറത്തുവിട്ടത്.



