റിയാദ്– ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയ സൗദി സയാമീസ് പ്രോഗ്രാം മെഡിക്കൽ ടീം വിജയകരമായി പൂർത്തിയാക്കി. ലിറ്റിയൻസ്, ലവൻസ് എന്നീ കുട്ടികളെയാണ് 14.5 മണിക്കൂർ നീണ്ട പ്രക്രിയയ്ക്കൊടുവിൽ വേർപെടുത്തിയത്. റിയാദിലെ കിംഗ് അബ്ദുള്ള ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ഒമ്പത് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയയിൽ വിവിധ വിഭാഗങ്ങളിലെ 44 വിദഗ്ധർ പങ്കെടുത്തു. രണ്ട് വയസ്സും രണ്ട് മാസവും പ്രായമുള്ള ഇരട്ടകൾ ഇടുപ്പിൽ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കുടൽ, നട്ടെല്ല്, സുഷുമ്നാ നാഡി എന്നിവ പങ്കിടുന്ന അവസ്ഥയിലായിരുന്ന കുട്ടികൾക്ക് നാല് കാലുകളാണുണ്ടായിരുന്നത്.
സൗദി സയാമീസ് പ്രോഗ്രാമിന്റെ 75-ാമത്തെയും ടാൻസാനിയയിൽ നിന്നുള്ള നാലാമത്തെയും വേർപെടുത്തൽ ശസ്ത്രക്രിയയാണിത്. ഭരണാധികാരികളുടെ പിന്തുണയാണ് ഈ ആഗോള മെഡിക്കൽ നേട്ടത്തിന് പിന്നിലെന്ന് മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുള്ള അൽറബീഅ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കിയതിന് കുട്ടികളുടെ മാതാവും സൗദി ഭരണാധികാരികൾക്കും മെഡിക്കൽ സംഘത്തിനും നന്ദി അറിയിച്ചു. കഴിഞ്ഞ ജനുവരി 27-നാണ് ഇവരെ ചികിത്സയ്ക്കായി റിയാദിൽ എത്തിച്ചത്.



