റിയാദ്- റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന അൽ നസ്റും അൽ വാസലും തമ്മിലുള്ള എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് മത്സരം മാറ്റിയത് യു.എ.ഇ ക്ലബ്ബായ അൽ വാസലിന് കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാലെന്ന് വിശദീകരണം. ദുബായിൽ നിന്ന് റിയാദിലേക്ക് തിരിക്കാൻ ആവശ്യമായ വിമാന സർവീസുകൾ ലഭ്യമാകാതിരുന്നതും വ്യോമ ഗതാഗതത്തിലുണ്ടായ തടസ്സങ്ങളുമാണ് ക്ലബ്ബിന് കൃത്യ സമയത്ത് സൗദിയിലെത്താൻ സാധിക്കാതിരുന്നത്. മേഖലയിലെ ചില സുരക്ഷാ സാഹചര്യങ്ങൾ കാരണം അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഉണ്ടായ നിയന്ത്രണങ്ങളാണ് അൽ വാസൽ ടീമിന്റെ യാത്രയെ ബാധിച്ചത്.
മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും മാച്ച് കമ്മീഷണറും റഫറിമാരും റിയാദിൽ എത്തിയിരുന്നുവെന്നും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. മാറ്റിവെച്ച മത്സരം എപ്പോഴാണ് നടക്കുകയെന്ന പുതിയ തീയതിയോ സമയമോ എ.എഫ്.സി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



