ജിദ്ദ- ഈത്തപ്പഴ കയറ്റുമതിയിൽ ചരിത്രപരമായ വളർച്ച കൈവരിച്ച് സൗദി അറേബ്യ. കഴിഞ്ഞ വർഷം 193.8 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2024-നെ അപേക്ഷിച്ച് കയറ്റുമതിയിൽ 14.3 ശതമാനത്തിന്റെ വർധനവുണ്ടായി. 2021 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 59.5 ശതമാനം എന്ന വലിയ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ ഗുണമേന്മയുള്ള ഈത്തപ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിൽ കാർഷിക മേഖലയുടെ പങ്ക് വർധിപ്പിക്കാനും അതുവഴി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ മുന്നേറ്റം സഹായിക്കുന്നു.


സൗദി ഭരണകൂടത്തിന്റെ വലിയ പിന്തുണയും സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള മികച്ച ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്‌മാൻ അൽഫദ്ലി പറഞ്ഞു. ആഗോള വിപണികളിൽ സൗദി ഈത്തപ്പഴത്തിന്റെ സാന്നിധ്യം ഉറപ്പാക്കാൻ സർക്കാർ നടപ്പിലാക്കിയ പ്രത്യേക പദ്ധതികൾ വലിയ ഫലം കണ്ടു. 2024-നെ അപേക്ഷിച്ച് 2025-ൽ കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 125-ലേറെ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് വ്യത്യസ്തവും ഉയർന്ന നിലവാരമുള്ളതുമായ സൗദി ഈത്തപ്പഴം ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലത്തായി സൗദിയിലെ ഈത്തപ്പഴ ഉൽപ്പാദന മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2025-ൽ രാജ്യത്തെ ആകെ ഉൽപ്പാദനം 19 ലക്ഷം ടൺ കടന്നു. നിലവിൽ 3.7 കോടി ഈത്തപ്പനകളാണ് രാജ്യത്തുടനീളമുള്ളത്. ഉൽപ്പാദനക്ഷമത വർധിച്ചതും വിതരണ ശൃംഖലകൾ കാര്യക്ഷമമായതും അന്താരാഷ്ട്ര വിപണിയിലെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ സൗദിയെ സഹായിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ ഉൽപ്പാദകരും കയറ്റുമതിക്കാരുമെന്ന സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് രാജ്യം നടത്തിവരുന്നത്.



