റിയാദ്- ഹൂത്തി ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയിലേക്കുള്ള ഭൂരിപക്ഷം സർവീസുകളും മറ്റു വിമാനത്താവളങ്ങളിൽ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. വിമനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് യാത്രക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
- സൗദി എയർലൈൻസ്, റിയാദ് എയർലൈൻ, നാസ് എയർ എന്നിവ അൽഖസീം, ദമാം വിമാനത്താവളങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
- ഇന്ത്യയിലേക്കുള്ള മിക്ക സർവീസുകളും ദമാമിൽ നിന്നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിവെച്ചിട്ടുണ്ടെങ്കിലും എയർ അറേബ്യയുൾപ്പെടെയുള്ള കണക്ഷൻ വിമാനങ്ങളും ലഭ്യമാണ്.
- നാസ് എയറിന്റെ കൊച്ചി, കോഴിക്കോട്, ലക്നോ, ഡൽഹി, ഹൈദരാബാദ് സർവീസുകൾ റിയാദിന് പകരം ദമാമിലേക്ക് മാറ്റിയിട്ടുണ്ട്. ടിക്കറ്റ് മാറ്റിയെടുക്കണമെങ്കിൽ എയർലൈൻസിന്റെ ഓഫീസിൽ പോയാൽ ഉടൻ മാറ്റിക്കിട്ടും. അധിക ചാർജ് നൽകേണ്ടതില്ല.
- നവംബർ 10ന് ശേഷം കോഴിക്കോട്ടേക്ക് റിയാദിൽ നിന്ന് സർവീസ് തുടരുമെന്നാണ് ഇപ്പോൾ നാസ് എയർ അറിയിച്ചിട്ടുള്ളത്.
സൗദി എയർലൈൻസിന്റെ 79 ശതമാനം സർവീസുകളും നവംബർ 30 വരെ ദമാം, അൽഖസീം, മദീന വിമാനത്താവളങ്ങളിൽ നിന്നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. - കോഴിക്കോട്, കൊച്ചി, ബീജിംഗ്, ഗുവാൻസു, ഫ്രാങ്ക്ഫർട്ട്, ഇസ്ലാമാബാദ്, ധാക്ക, മനില, പാരീസ് സർവീസുകൾ ദമാമിൽ നിന്നും അലക്സാൻഡ്രിയ, അമ്മാൻ, കൈറോ, ദുബൈ, ഇസ്തംബൂൾ, റോം, വിയന്ന സർവീസുകൾ അൽഖസീമിൽ നിന്നുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാങ്കോങ്ക്, ഡൽഹി, ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ സർവീസുകൾ മദീന, ജിദ്ദ വിമാനത്താവളങ്ങളിലേക്കും മാറ്റി. റിയാദിൽ നിന്ന് ജിദ്ദ, ന്യൂയോർക്ക് സർവീസുകൾ നടത്തുന്നുണ്ട്.
- റിയാദ് എയർ ഹീത്രു, കൈറോ, ധാക്ക, ലാഹോർ, ഇസ്ലാമാബാദ്, ജിദ്ദ സർവീസുകൾ അൽഖസീമിൽ നിന്നാണ് നടത്തുന്നത്.
- റിയാദിൽ നിന്ന് അൽഖസീമിലേക്ക് സൗജന്യ ബസ് സർവീസുമുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് റിയാദിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ലഗേജ് എൽപ്പിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



