ദോഹ– പ്രാദേശിക സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് ഖത്തറിലെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും നാളെയും (മാർച്ച് 2, തിങ്കൾ) ജീവനക്കാർക്ക് റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) അനുവദിക്കാൻ തീരുമാനിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടേറിയറ്റാണ് ഈ വിവരം അറിയിച്ചത്. നേരത്തെ ഞായറാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഈ സംവിധാനമാണ് ഇപ്പോൾ തിങ്കളാഴ്ച കൂടി നീട്ടിയിരിക്കുന്നത്. മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടവർ തുടങ്ങിയവർക്ക് ഈ തീരുമാനം ബാധകമല്ല
പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോടും ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച് സാധ്യമായ ഇടങ്ങളിൽ റിമോട്ട് വർക്ക് അനുവദിക്കാൻ അധികൃതർ നേരത്തെ ശുപാർശ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



