കോഴിക്കോട്: പ്രമാദായ ലഹരിമരുന്ന് (MDMA) കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് (22) പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് കുത്തേറ്റു. ആക്രമണം നടത്തിയ പങ്കാളി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ പത്തു മണിയോടെ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഒപ്പുവെക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സ്റ്റേഷന് സമീപത്ത് വെച്ച് കീർത്തനയുമായി തർക്കത്തിലേർപ്പെട്ട ജിനീഷ്, കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിലും കാലിലുമായി അഞ്ചോളം കുത്തേറ്റ കീർത്തനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ആദ്യം വടകര താലൂക്ക് ആശുപത്രിയിലെത്തിച്ച കീർത്തനയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (BRC) സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന കീർത്തന, ലഹരിമരുന്ന് വില്പനയിലെ ഇടനിലക്കാരിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവരെ തസ്തികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. അടുത്തിടെയാണ് കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് ജാമ്യം ലഭിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







