ദോഹ – ദേശീയ സുരക്ഷ സംരക്ഷിക്കാനും സ്ഥിരത നിലനിര്‍ത്താനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ അറിയിച്ചു. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇക്കൂട്ടത്തില്‍ ഏഴ് പേര്‍ രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ചാരവൃത്തി ദൗത്യങ്ങള്‍ക്കായി ചുമതലപ്പെടുത്തപ്പെട്ടവരാണ്. മറ്റ് മൂന്ന് പേരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തി. ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ ഇവര്‍ പരിശീലനം നേടി.
സുപ്രധാന സ്ഥാപനങ്ങളുടെയും കേന്ദ്രളുടെയും മാപ്പുകളും ആശയവിനിമയ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും പ്രതികളുടെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍, ഇറാന്‍ റെവല്യൂഷണി ഗാര്‍ഡുമായുമായുള്ള ബന്ധവും ചാരവൃത്തിയും അട്ടിമറി പ്രവര്‍ത്തനങ്ങളും നടത്താന്‍ നിയോഗിക്കപ്പെട്ടതായും പ്രതികള്‍ സമ്മതിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്മാരോടും രാജ്യത്ത് കഴിയുന്ന പ്രവാസികളോടും അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



