കുവൈത്ത് സിറ്റി: രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസമായി, കുവൈത്തില്‍ 517 മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വില കുറച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍അവദി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇവയുടേതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. വിവിധ ചികിത്സാ വിഭാഗങ്ങളില്‍ പെട്ട മരുന്നുകള്‍ ഈ തീരുമാനത്തല്‍ പെടുന്നു. ചില ഉല്‍പന്നങ്ങളുടെ വില പുതുതായി നിശ്ചയിക്കുകയും നിലവിലുള്ള നിരവധി മരുന്നുകളുടെ വില കുറക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിലനിര്‍ണ്ണയത്തിലൂടെയും വില കുറക്കല്‍ തീരുമാനങ്ങളിലൂടെയും ഉള്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും ആകെ എണ്ണം 2,760 ആയി പുതിയ തീരുമാനം ഉയര്‍ത്തുന്നതായി മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. ആവശ്യമായ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും ചികിത്സ നല്‍കുന്നതിനും ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ ന്യായമായ വില ഉറപ്പാക്കുന്നതിനും ചികിത്സാ ചെലവുകള്‍ ലഘൂകരിക്കുന്നതിനും, കുവൈത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ സംവിധാനത്തിന്റെ സുസ്ഥിരതയെ പിന്തുണക്കുന്നതിനും ഇടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ സമീപനത്തിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം പറഞ്ഞു.
ഓങ്കോളജി മരുന്നുകള്‍, കൊളസ്‌ട്രോള്‍ അളവ് കുറക്കാനുള്ള പുതിയ മരുന്നുകള്‍, അപസ്മാരം, അലര്‍ജികള്‍ എന്നിവക്കുള്ള മരുന്നുകള്‍, വേദനസംഹാരി മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റിഫംഗലുകള്‍, പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ചികിത്സാ വിഭാഗങ്ങളെ ഈ തീരുമാനം ഉള്‍ക്കൊള്ളുന്നതായി മന്ത്രാലയം വിശദീകരിച്ചു. സാങ്കേതിക അവലോകനങ്ങളുടെയും ആനുകാലിക വില പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനം, റഫറന്‍സ് മാര്‍ക്കറ്റുകളുമായും ഗള്‍ഫ്, അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായും താരതമ്യപ്പെടുത്തി, ഗുണനിലവാരം, ഫലപ്രാപ്തി, ഫാര്‍മസ്യൂട്ടിക്കല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ നിലനിര്‍ത്തിക്കൊണ്ട് മത്സരപരവും ന്യായവുമായ വിലകള്‍ ഉറപ്പാക്കുന്നു.
പ്രാദേശിക ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ അംഗീകൃത വിലകളും സ്ഥിരതയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മരുന്നുകളുടെ വിലനിര്‍ണ്ണയ നയങ്ങള്‍ വികസിപ്പിക്കുന്നതും നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതും തുടരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ സുരക്ഷ ശക്തിപ്പെടുത്തുക, ചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, രോഗികളുടെയും സമൂഹത്തിന്റെയും ചെലവ് കുറക്കുക എന്നീ ലക്ഷ്യങ്ങളെ ഈ ശ്രമങ്ങള്‍ പിന്തുണക്കുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







