ദുബായ്- ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. രാജ്യവ്യാപകമായി പൊതു-സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവ മെയ് 5 ചൊവ്വാഴ്ച മുതൽ മെയ് 8 വെള്ളിയാഴ്ച വരെ വിദൂര പഠന രീതിയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഇറാനിൽ നിന്ന് യുഎഇക്ക് നേരെ ഡ്രോൺ, ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. യുഎഇ വ്യോമ പ്രതിരോധ സേന നാല് മിസൈലുകളിൽ മൂന്നെണ്ണം വിജയകരമായി തകർത്തു. നാലാമത്തെ മിസൈൽ ജനവാസമില്ലാത്ത കടൽ മേഖലയിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെ തടഞ്ഞതിന്റേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതേസമയം, ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ തീപിടുത്തമുണ്ടായതായി ഫുജൈറ അധികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കിംവദന്തികൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദേശിച്ചു.



