മസ്‌കത്ത് – ഒമാനിലെ ഇബ്രി വിലായത്തിലെ വാദി അല്‍ഐനില്‍ കെട്ടിടം തകര്‍ന്ന് സുഡാനി അധ്യാപകന്‍ മരിച്ചു. ഇതോടെ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 10 ആയി. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അധ്യാപകന്റെ മൃതദേഹം പുറത്തെടുത്ത ശേഷം പോലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് നീക്കിയതായി അധികൃതര്‍ പറഞ്ഞു. അല്‍ദഖിലിയ ഗവര്‍ണറേറ്റിലെ ഇസ്‌കി വിലായത്തിലെ വാദിയില്‍ ഒഴുക്കില്‍ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചതിനു പിന്നാലെയാണ് കെട്ടിടം തകര്‍ന്ന് സുഡാനി അധ്യാപകന്‍ മരണപ്പെട്ടത്.
രാജ്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൈകാര്യം ചെയ്യാനുള്ള പ്രതികരണ ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനുമായി ബാധിത ഗവര്‍ണറേറ്റുകളില്‍ ഏകോപിത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ഒമാനില്‍ കാലാവസ്ഥ വ്യതിയാനം ആരംഭിച്ചതിനുശേഷം ആകെ 533 പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒമ്പത് ഷെല്‍ട്ടറുകളില്‍ 253 പേര്‍ താമസിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കല്‍, അടിയന്തിര പ്രതികരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.



